മണിപ്പൂരിൽ വീണ്ടും സംഘർഷം; 11 കുകി ആയുധധാരികൾ മരിച്ചു, ഒരു ജവാന് പരിക്ക്

ജിരിബാം ജില്ലയിൽ സുരക്ഷാസേനയും കുകി ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർ മരിച്ചു

dot image

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ജിരിബാം ജില്ലയിൽ സുരക്ഷാസേനയും കുകി ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 ആയുധധാരികൾ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേറ്റു.

അസം അതിർത്തിയോട് ചേർന്ന ജില്ലയാണ് ജിരിബാം. ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനെ കുകി ആയുധധാരികൾ മുഴുവനായും വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് സൈന്യവുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. പൊലീസ് സ്റ്റേഷനടുത്തായി സംഘർഷത്തിൽ കുടിയിറക്കപ്പെട്ടവരുടെ ക്യാമ്പുകളും ഉണ്ട്. ഈ ക്യാമ്പും കൂടിയായിരിക്കാം ആയുധധാരികളുടെ ലക്ഷ്യമെന്ന് സൈന്യം സംശയിക്കുന്നുണ്ട്.

ഇതിന് മുൻപും ഈ സ്റ്റേഷനെ കുകികൾ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആയുധധാരികൾ വന്നത് ഓട്ടോറിക്ഷയിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്റ്റേഷൻ ആക്രമിച്ചതിന് ശേഷം, ആയുധധാരികൾ തൊട്ടടുത്ത് വീടുകളുള്ള പ്രദേശത്തേക്ക് നീങ്ങുകയും, അവയ്ക്ക് തീയിടാൻ തുടങ്ങുകയും ചെയ്തു. അതോടെ സൈന്യവുമായി വെടിവെയ്പ്പുണ്ടായി. ഇതിലാണ് 11 ആയുധധാരികൾ മരിച്ചത്.

കഴിഞ്ഞയാഴ്ച ജിരിബാം ജില്ലയിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ, പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഹമർ ഗോത്രവർഗ്ഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ മെയ്‌തേയ് കലാപകാരികൾ കൊലപ്പെടുത്തിയതോടെയാണ് തുടക്കം. ശേഷം മെയ്‌തേയ് സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയെ കുകി വിഭാഗം വെടിവെച്ച് കൊന്നിരുന്നു. ഇതോടെയാണ് പ്രദേശം വീണ്ടും ഭീതിയുടെ മുൾമുനയിലായത്.

Content Highlights: 11 Kuki militants killed in Manipur

dot image
To advertise here,contact us
dot image