ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഒര്‍ഡര്‍ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങളില്‍ മാത്രമേ ഇനി മുതല്‍ 'മുസ്ലിം മീല്‍' എന്ന് അടയാളപ്പെടുത്തുകയുള്ളൂ. ഇത് സ്‌പെഷ്യല്‍ ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മുസ്ലിം മീല്‍ വിഭാഗത്തിന് മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുകയുള്ളൂവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ നിലപാടുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയത്.
അതേസമയം സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാല്‍ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലേയും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച് ഭക്ഷണത്തിന് വ്യത്യസ്ത ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിസ്താര എയര്‍ലൈന്‍ എയര്‍ ഇന്ത്യയുമായി ലയിച്ചത്. ഇതോടെ കൂടുതല്‍ വളര്‍ച്ച കൈവരിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ-വിസ്താര ലയനത്തിനു ശേഷമുളള ആദ്യ യാത്ര തിങ്കളാഴ്ച രാത്രി ദോഹയില്‍ നിന്ന് മുംബൈയിലേക്കായിരുന്നു.
Content Highlights: Air india said now only muslim meal to have halal certificate