ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്നലെയാണ് സംഭവം നടന്നത്. കൊല്ലം സ്വദേശിയായ ബിജു മോന്‍ (45) ആണ് ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. ഏറെക്കാലമായി ബ്രഹ്‌മാവറിലെ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ബിജു മോന്‍. ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ അപരിചിതന്‍ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ബിജു മോനെ കസ്റ്റഡയില്‍ എടുത്തത്. യുവതിയുടെ സഹോദരനാണ് ബിജു മോനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബിജു മോനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3.45 ഓടെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ബിജു മോനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണ ശേഷമാണ് ബിജുവിനെതിരെയുള്ള പരാതിയില്‍ എഫ്ഐആര്‍ ഇട്ടതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബിജുവിനെ നാട്ടുകാരും പൊലീസും മര്‍ദിച്ചിരുന്നതായി സംശയമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights- two police officers suspended over death of kollam native man in police custody