ന്യൂഡൽഹി: വീടുകളിൽ കുറഞ്ഞ സമയം കൊണ്ട് സാധനങ്ങളെത്തിക്കുന്ന ക്വിക് കൊമേഴ്സ് കമ്പനികൾക്കും മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കും പുതിയ മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഉൽപ്പന്നങ്ങളുടെ കാലാവധി, ലേബലിംഗ് എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം.
സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞത് 45 ദിവസം ഷെൽഫ് ലൈഫ് ഉറപ്പാക്കണം. കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി കഴിയാനിരിക്കുന്നതോ ആയ ഉൽപ്പന്നങ്ങളുടെ വിതരണം തടയുന്നതിനും ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തത്തോടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ കാര്യങ്ങൾ നൽകി അവ വിൽക്കാൻ ശ്രമിച്ചാൽ ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വിൽപ്പനക്കാരും നടപടി നേരിടേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എഫ്എസ്എസ്എഐ സിഇഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെയും ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെയും 200-ലധികം പ്രതിനിധികൾ പങ്കെടുത്തു.
നഗരപ്രദേശങ്ങളിൽ ഭക്ഷ്യോത്പന്നങ്ങളും പലചരക്ക് സാധനങ്ങളും വാങ്ങുന്നതിന് ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ കൂടുതലായി ജനങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. അതേസമയം തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു യോഗം.
Content Highlights: Food Safety and Standards Authority of India with new guidelines