ശരദ് പവാറിന്റെ ഫോട്ടോകള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്; അജിത് പവാറിനോട് സുപ്രീം കോടതി

ശരദ് പവാറിന്റെ പ്രശസ്തിയുടെ ഗുണം ഉപയോഗിച്ച് അജിത് പവാര്‍ വിഭാഗം പ്രചാരണം നടത്തുന്നുവെന്ന് കോടതിയിൽ വാദം

dot image

മുംബൈ: ശരദ് പവാറിന്റെ ഫോട്ടോകളും വീഡിയോകളും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് അജിത് പവാറിനോട് സുപ്രീം കോടതി.
അജിത് പവാര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണമെന്നും എന്‍സിപി യുമായി ബന്ധപ്പെട്ട തര്‍ക്കം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി താക്കീത് ചെയ്തു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതില്‍ നിന്ന് അജിത് പവാറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. നേരത്തേ ക്ലോക്ക് ചിഹ്നം നിരാകരിച്ചെന്ന് പത്രത്തില്‍ വാര്‍ത്ത നല്‍കണമെന്ന് അജിത് പവാറിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ശരദ് പവാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കി. ശരദ് പവാറിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച പോസ്റ്ററുകളുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും ദൃശ്യങ്ങളാണ് ഹാജരാക്കിയത്. ശരദ് പവാറിന്റെ പ്രശസ്തിയുടെ ഗുണം ഉപയോഗിച്ച് അജിത് പവാര്‍ ഭാഗം പ്രചാരണം നടത്തുന്നുവെന്നായിരുന്നു അഭിഭാഷകൻ്റെ വാദം.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് എന്‍സിപിയിലെ വിള്ളലിനെക്കുറിച്ച് അറിയില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ മഹാരാഷ്ട്രയിലെ ഗ്രാമീണരെ സ്വാധീനിക്കുമോയെന്നും ജഡ്ജി മനു അഭിഷേക് സിംഗ്വിയോട് ചോദിച്ചു. എന്നാല്‍ ഇന്ത്യ ഇന്ന് വ്യത്യസ്തമാണെന്നും ഡല്‍ഹിയില്‍ നമ്മള്‍ കാണുന്നതെല്ലാം ഗ്രാമീണരാണെന്നുമായിരുന്നു സിംഗ്വിയുടെ മറുപടി.

Content Highlight: supreme court asks ajit pawar group not use photos of sharad pawar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us