ഇന്ത്യയില്‍ ആദ്യ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍

വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

dot image

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍. ഇക്രമുദ്ദിന്‍ കാമിലിനെ ആണ് ആക്ടിംഗ് കൗണ്‍സില്‍ ആയി താലിബാന്‍ നിയോഗിച്ചത്. മുംബൈയിലെ അഫ്ഗാന്‍ മിഷനിലാണ് നിയമനം. താലിബാന്റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് ആണ് നിയമനം സ്ഥിരീകരിച്ചത്. അതേസമയം വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിദ്യാര്‍ത്ഥിയെന്നാണ് കാമിലിന് നല്‍കിയിരിക്കുന്ന വിശേഷണം. ഏഴ് വര്‍ഷത്തോളമായി പഠനാവശ്യങ്ങള്‍ക്കായി കാമില്‍ ഇന്ത്യയില്‍ താമസിച്ചുവരികയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരത്തെ പരിചയമുള്ള വ്യക്തിയായതിനാല്‍ അഫ്ഗാന്‍ കോണ്‍സുലേറ്റില്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട് എന്ന് നിയമനവുമായി ബന്ധമുള്ള അധികാരികളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'മുംബൈയിലെ ഇസ്‌ലാമിക് എമിറേറ്റിന്റെ ആക്ടിംഗ് കോണ്‍സല്‍' ആയി കാമിലിന്റെ നിയമനം സ്ഥിരീകരിച്ചതായി വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് താലിബാന്‍ നിയന്ത്രണത്തിലുള്ള ബക്തര്‍ വാര്‍ത്താ ഏജന്‍സി (ബിഎന്‍എ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കാമില്‍ ഇപ്പോള്‍ മുംബൈയിലാണെന്നും ഇസ്‌ലാമിക് എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം തന്റെ ചുമതലകള്‍ നിറവേറ്റുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. അന്താരാഷ്ട്ര നിയമത്തില്‍ പിഎച്ച്ഡി ബിരുദം നേടിയ കാമില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ സഹകരണ, അതിര്‍ത്തികാര്യ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2021 ഓഗസ്റ്റില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ ഇന്ത്യ അകലം പാലിച്ചിരുന്നു.

Content Highlight: Taliban appoints Ikramuddin Kamil as the first consul of India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us