ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. ദിയോലി ഉനൈറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരേഷ് മീണയുടെ അണികളുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു. പൊലീസുകാര്‍ക്ക് നടുവില്‍ നടന്നുനീങ്ങുന്ന നരേഷ് മീണയുടെ വീഡിയോ പുറത്തുവന്നു.
കഴിഞ്ഞ ദിവസമാണ് സംവ്രവാത ഗ്രാമത്തിലെ പോളിങ് ബൂത്തില്‍വെച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അമിത് ചൗധരിയെ നരേഷ് മീണ തല്ലിയത്. തന്റെ അനുയായികളെ തടഞ്ഞു എന്നാരോപിച്ചായിരുന്നു പോളിങ് ഉദ്യോഗസ്ഥനെ ഇയാള്‍ കയ്യേറ്റം ചെയ്തത്. ആക്രമണത്തിന്റെ ദൃശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോയില്‍ പതിഞ്ഞിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ പൊലീസ് കേസെടുത്തു. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നരേഷ് മീണ അതിന് തയ്യാറായില്ല. ഇതോടെ നരേഷ് മീണയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നരേഷ് മീണയുടെ നൂറ് കണക്കിന് വരുന്ന അണികള്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ട അണികള്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നിരുന്നു. ഇന്ന് മീണയുടെ അറസ്റ്റ് ഒഴിവാക്കാന്‍ അണികള്‍ ടയറുകള്‍ കത്തിച്ച് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ടോങ്ക് എസ് പി വികാസ് സാങ്‌വാന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നരേഷ് മീണ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് നരേഷ് മീണയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.
Content highlights- high drama as cops arrest rajastan candidate who slapped official