പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധവും ബലാത്സംഗം: ബോംബെ ഹൈക്കോടതി

ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി

dot image

മുംബൈ: പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി.

18 വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവൾ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഗോവിന്ദ് സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിയും ഇരയും ഈ ബന്ധത്തിൽ ജനിച്ച ആൺകുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎൻഎ റിപ്പോർട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിച്ചു.

പരാതിക്കാരിയായ പെൺകുട്ടിയെ യുവാവ് നിർബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഈ ബന്ധത്തിൽ യുവതി ഗർഭിണിയാകുകയും യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ ദാമ്പത്യബന്ധം വഷളായതോടെ യുവതി ഇയാൾക്കെതിരെ പരാതി നൽക്കുകയായിരുന്നു.

2019 മെയ് 25നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിന് നാല് വർഷം മുമ്പുതന്നെ യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പെൺകുട്ടി ആരോപിച്ചു. തുടർന്ന് പെൺകുട്ടി ഗർഭം ധരിക്കുകയും തന്നെ വിവാഹം കഴിക്കാൻ അയാളോട് ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയുമായിരുന്നു.ഗർഭച്ഛിദ്രം നടത്താൻ യുവാവ് പെൺകുട്ടിയെ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ ഇയാൾ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പരാതി.

ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെൺകുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോൾ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദം നിയമപരമായി സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച 10 വർഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു.

Content Highlights: Consensual sex with minor wife is also rape says Bombay high court

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us