ഇംഫാല്‍: സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ ആറ് മെയ്‌തേയ്കളില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ 11ന് കാണാതായ ഇവരുടെ മൃതദേഹം ജിരി നദിയിലൂടെ ഒഴുകിയെത്തുകയായിരുന്നു. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ അസമിലെ കചര്‍ ജില്ലയിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജിലേക്ക് (എസ്എംസി) പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അതേസമയം തിങ്കളാഴ്ച ജിരിബാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങള്‍ പെട്ടെന്ന് വിട്ടുതരണമെന്ന് അസം ഭരണകൂടത്തോട് ഹ്‌മാര്‍ ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഹ്‌മാര്‍ ഇന്‍പുയ് ആവശ്യപ്പെട്ടു. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് പരിശോധനകള്‍ക്കും വേണ്ടി എസ്എംസിയിലാണ് മൃതദേഹങ്ങളുള്ളത്.
പത്ത് പേരുടെ മരണത്തില്‍ കഴിഞ്ഞ ദിവസം കുകി-സോ വിഭാഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത് വൈകിയാല്‍ സില്‍ച്ചാറില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന ഭയത്തിലാണ് ഹ്‌മാര്‍ ഇന്‍പുയ്.
തിങ്കളാഴ്ച സായുധധാരികള്‍ ബോറോബെക്‌റ പൊലീസ് സ്‌റ്റേഷനും സിആര്‍പിഎഫ് പോസ്റ്റും ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 10 സായുധധാരികളെ വധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിന് പിന്നാലെ പൊലീസ് ക്യാമ്പസിലുണ്ടായിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ആറ് പേരെ കാണാതായി പൊലീസ് അറിയിച്ചിരുന്നു.
ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് കാണാതായത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാണാതായവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Content Highlights: 3 Missing persons body recovered in Manipur