'അജിത് പവാറിനെതിരെ മത്സരിക്കുന്നതിൽ സങ്കടമുണ്ട്, സത്യസന്ധത പ്രധാനമാണല്ലോ'; യുഗേന്ദ്ര പവാർ റിപ്പോർട്ടറിനോട്

ജനങ്ങളുടെ എന്ത് ആവശ്യത്തിനും താൻ മുന്നിലുണ്ടാകുമെന്നും യുഗേന്ദ്ര കൂട്ടിച്ചേർത്തു

dot image

ബാരാമതി: ബാരാമതി മണ്ഡലത്തിൽ അജിത് പവാറിനെതിരെ മത്സരിക്കുന്നതിൽ യഥാർത്ഥത്തിൽ വിഷമം ഉണ്ടെന്ന് എൻസിപി ശരദ് പവാർ വിഭാഗം സ്ഥാനാർഥി യുഗേന്ദ്ര പവാർ. റിപ്പോർട്ടറിനോടായിരുന്നു അജിത് പവാറിന്റെ അനന്തരവൻ കൂടിയായ യുഗേന്ദ്രയുടെ പ്രതികരണം.

താൻ മണ്ഡലത്തിൽ ഒരുലക്ഷം വോട്ടുകൾക്ക് ജയിക്കുമെന്ന അജിത് പവാറിന്റെ പ്രഖ്യാപനത്തോട്, ജനാധിപത്യത്തിൽ ആർക്കും എന്തും പറയാനുള്ള അവകാശമുണ്ടല്ലോ എന്നതായിരുന്നു യുഗേന്ദ്രയുടെ പ്രതികരണം. 23ന് ഫലം വരുമ്പോൾ കാണാമെന്നും പവാർ സാഹിബിന്റെ ( ശരദ് പവർ ) അനുഗ്രഹത്തോടെ താൻ വിജയിക്കുമെന്നും യുഗേന്ദ്ര പറഞ്ഞു. ബാരാമതിക്ക് വേണ്ടി എന്നും താൻ നിലകൊള്ളുമെന്നും, ജനങ്ങളുടെ എന്ത് ആവശ്യത്തിനും താൻ മുന്നിലുണ്ടാകുമെന്നും യുഗേന്ദ്ര കൂട്ടിച്ചേർത്തു.

അജിത് ദാദയെ കണ്ടാൽ താൻ കാൽ തൊട്ട് വന്ദിച്ച്, അനുഗ്രഹം തേടുമെന്നും യുഗേന്ദ്ര പറഞ്ഞു. ബിജെപിയുടെ 'പരിവാർ രാഷ്ട്രീയ' വിമർശനത്തിന്, കുടുംബാരാഷ്ട്രീയമുള്ള പല ബിജെപി നേതാക്കളുടെയും ലിസ്റ്റ് താൻ തരാമെന്നും, ബിജെപിക്ക് അത്തരമൊരു വിമർശനം ഉന്നയിക്കാൻ അർഹതയില്ലെന്നുമായിരുന്നു മറുപടി.

എൻസിപിയുടെ ഇരുപക്ഷങ്ങൾക്കും വളരെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. പിളർപ്പിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാർ പക്ഷത്തിന് നേട്ടമുണ്ടായെങ്കിലും, കൂടുതൽ വികേന്ദ്രീകൃതമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് എത്ര സീറ്റ് നേടുമെന്നതനുസരിച്ചാകും പക്ഷങ്ങളുടെ ഭാവി. ലോക്സഭാ തിരഞ്ഞെടുപ്പിലെ കുടുംബപ്പോരിൽ ശരദ് പവാർ എൻസിപിയുടെ സുപ്രിയ സുലെയ്ക്കായിരുന്നു വിജയം. അജിത് പവാറിന്റെ പത്നി സുനേത്ര പവാറിനെയാണ് സുപ്രിയ പരാജയപ്പെടുത്തിയത്. ഇപ്പോൾ അജിത് പവാറും അനന്തരവൻ യുഗേന്ദ്രയും തമ്മിലാണ് നിയമസഭയിലേക്ക് പോരാട്ടം.

Content Highlights: Yugendra pawar on ajit pawar and elections

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us