പട്‌നയിലെ ആശുപത്രിയിൽ മൃതദേഹത്തിൻ്റെ ഒരു കണ്ണ് കാണാനില്ല; എലി കടിച്ചെടുത്തെന്ന് ജീവനക്കാർ

ചികിത്സയിലിരിക്കെ മരിച്ച ഫൻ്റസ് കുമാറിൻറെ ഇടതുകണ്ണ് കാണാതായതായാണ് പരാതി

dot image

ബിഹാർ: പട്‌നയിലെ നളന്ദ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫൻ്റസ് കുമാറിൻറെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫൻ്റസ് കുമാറിൻറെ കുടുംബം ആശുപത്രി വളപ്പിൽ പ്രതിഷേധിച്ചു.
ബിസിനസിൻ്റെ ഭാഗമായി ഡോക്ടർമാർ കണ്ണ് ചൂഴ്ന്നെടുത്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

നവംബർ 14നാണ് അജ്ഞാതരുടെ വെടിയേറ്റതിനെ തുടർന്ന് പട്‌നയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നളന്ദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (എൻഎംസിഎച്ച്) ഫൻ്റസ് കുമാറിനെ പ്രവേശിപ്പിച്ചത്. ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി 8:55-ന് മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണി വരെ കുടുംബം ആശുപത്രിയിൽ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഇടതു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

ആശുപത്രിയിൽ നിന്ന് ആരോ കണ്ണ് നീക്കം ചെയ്തതായി ഇയാളുടെ ഭാര്യാസഹോദരൻ പറഞ്ഞു. 'അവർക്ക് എങ്ങനെയാണ് ഇത്ര അശ്രദ്ധ കാണിക്കാൻ കഴിയുന്നത്? ഒന്നുകിൽ ആശുപത്രിയിൽ നിന്നുള്ള ആരെങ്കിലും തന്നെ വെടിവെച്ചവരുമായി ഗൂഢാലോചന നടത്തി. അല്ലെങ്കിൽ ആളുകളുടെ കണ്ണ് ചൂഴ്ന്നെടുക്കുന്ന എന്തെങ്കിലും ബിസിനസ്സിൽ ആശുപത്രി ഏർപ്പെടുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. മേശയ്ക്ക് സമീപം സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതായും ബന്ധു ആരോപിച്ചു.

കേസ് അന്വേഷിക്കാൻ നാലംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും നളന്ദ ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാർ പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Content Highlights: Dead patient's eye goes missing at Patna hospital and doctors say rat gnawed it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us