തീ പടര്‍ന്നത് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററില്‍ നിന്ന്: ഡ്യൂട്ടി നഴ്സ് മേഘ ജെയിംസ് റിപ്പോർട്ടറിനോട്

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്യൂട്ടി നേഴ്‌സ്

dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്യൂട്ടി നേഴ്‌സ്. സംഭവം നടക്കുന്ന സമയത്ത് ഐസിയുവില്‍ കുട്ടികള്‍ അധികമായിരുന്നുവെന്ന് ഡ്യൂട്ടി നേഴ്‌സ് മേഘ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. താന്‍ തീപ്പെട്ടി ഉപയോഗിച്ചു എന്ന് കള്ളം പ്രചരിപ്പിക്കുന്നുണ്ട്. 12 വര്‍ഷമായി ഈ ജോലി ചെയ്യുന്നുണ്ട്. ഒക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററില്‍ നിന്നാണ് തീ പടര്‍ന്നത്. അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുന്നും മേഘ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാലിന് ഗുരുതരമായി പൊള്ളലേറ്റ നഴ്‌സ് മേഘ ചികിത്സയിലാണ്.

അതേസമയം ഝാന്‍ഡി ആശുപത്രിയില്‍ വെന്തുമരിച്ച നവജാത ശിശുക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. തിരിച്ചറിയാനാകാത്ത കുട്ടികളുടെ പരിശോധനയാണ് നടത്തുക. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പത്ത് കുട്ടികളാണ് കഴിഞ്ഞ ദിവസം കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് പേരെ തിരിച്ചറിയാനായിട്ടില്ല. ബാക്കി ഏഴ് കുഞ്ഞുങ്ങളെ ബന്ധുക്കള്‍ക്ക് കൈമാറി. പരിക്കേറ്റ 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുകയാണ്.

ഡ്യൂട്ടി നേഴ്‌സ് മേഘ

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 18 കുട്ടികള്‍ക്ക് മാത്രം ചികിത്സ സൗകര്യമുള്ള ഐസിയുവില്‍ സംഭവസമയത്ത് 49 കുട്ടികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയിലെ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി ദൃക്സാക്ഷികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് സമിതിയിലുള്ളത്.

സമിതി ഏഴ് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഡിജിപിക്കും യുപി സര്‍ക്കാരിനും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂഡീഷ്യല്‍ അന്വേഷണം, പൊലീസ്-ഫയര്‍ഫോഴ്‌സ് അന്വേഷണം, ജില്ലാ കളക്ടറുടെ അന്വേഷണം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടറുടെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: The fire started from an oxygen concentrator in the case of UP Fire Accident, Says Duty Doctor Meghna

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us