മണിപ്പൂര്‍; ജിരിബാമില്‍ ബിജെപിയില്‍ കൂട്ടരാജി

മണിപ്പൂര്‍ ബിജെപി നേതൃത്വത്തിന് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചു.

dot image

ഇംഫാല്‍: കലാപം പടരുന്ന മണിപ്പൂരില്‍ ബിജെപിയിലും പൊട്ടിത്തെറി. മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്. മണിപ്പൂര്‍ ബിജെപി നേതൃത്വത്തിന് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കലാപം രൂക്ഷമായിരിക്കുന്ന ജിരിബാമിലെ സാഹചര്യം നേതാക്കള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയാണുള്ളതെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി നേതാക്കള്‍ കൂട്ടമായി രാജിവെച്ചത്. ഇന്നലെയാണ് ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള എന്‍പിപി പിന്‍വലിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കയച്ച കത്തില്‍ ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു എന്‍പിപി ഉന്നയിച്ചത്. മണിപ്പൂരിലെ നിലവിലെ അവസ്ഥയില്‍ വളരെ ആശങ്കയുണ്ടെന്ന് എന്‍പിപി കത്തില്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷം തടയുന്നതിലും കലാപന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേന്‍ സിങ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും എന്‍പിപി കത്തില്‍ വ്യക്തമാക്കിയിരുന്നു.

മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം കലാപം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ശനിയാഴ്ച മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇംഫാലിലെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ നിരവധി ടയറുകളാണ് കത്തിച്ചത്. മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അലംഭാവ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Content Highlights- bjp leaders from jiribam submit resignation to leadership over manipur riot

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us