മണിപ്പൂര്‍ കലാപം; കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

'മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബീരേന്‍ സിംഗ് ആണ്'

dot image

ന്യൂഡെല്‍ഹി: മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍
നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണമെന്നും മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബീരേന്‍ സിംഗ് ആണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരും ബിജെപിയും ബീരേന്‍ സിംഗിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നു. നവംബര്‍ ഏഴിന് ശേഷം മണിപ്പൂരില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

അക്രമം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചര്‍ച്ചകള്‍ നടന്നത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മണിപ്പൂരില്‍ സുരക്ഷാ വിന്യാസം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 50 കമ്പനികളെ കൂടി കേന്ദ്രം സംസ്ഥാനത്തേക്ക് അയയ്ക്കുന്നു. നേരത്തെ 20 കമ്പനികളെ വിന്യസിച്ചതിന് ശേഷമാണിത്, സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ഇപ്പോള്‍ 70 സിഎപിഎഫ് യൂണിറ്റുകള്‍ സമാഹരിച്ചു.

പ്രതിഷേധത്തെത്തുടര്‍ന്ന്, അക്രമബാധിതമായ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം അക്രമസംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിലും, സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചതിലുമടക്കമാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്. അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത്ഷാ വിളിച്ച ഉന്നത തല യോഗം ദില്ലിയില്‍ തുടരുകയാണ്.

Content Highlight: central government should intervene strongly to end violence in manipur SAYS cpIM politburo

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us