ന്യൂഡൽഹി: ഗുജറാത്തിൽ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. 18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. ധാർപൂർ പാടാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു അനിൽ. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ അനിൽ ഉൾപ്പെടെയുള്ള മറ്റ് വിദ്യാർത്ഥികളെ മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം.
തുടർന്ന് അനിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിച്ചെന്ന് അനിൽ പൊലീസിൽ മൊഴി നൽകിയിരുന്നു. വൈകാതെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് അനിലിൻറെ കുടുംബം താമസിക്കുന്നത്.
'ഇന്നലെ കോളേജിൽ നിന്ന് ഞങ്ങൾക്ക് ഒരു കോൾ വന്നു, അനിൽ കുഴഞ്ഞുവീണു, ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പറഞ്ഞു. ഞങ്ങൾ ഇവിടെ എത്തിയപ്പോൾ, മൂന്നാം വർഷ വിദ്യാർത്ഥികൾ അവനെ റാഗ് ചെയ്തതായി മനസ്സിലായി. ഞങ്ങൾക്ക് നീതി വേണം', കുട്ടിയുടെ ബന്ധു പറഞ്ഞു.
വിദ്യാർത്ഥിയുടെ പിതാവിൻ്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഓഫീസർ കെ കെ പാണ്ഡ്യ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തി സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആറിൽ 15 സീനിയർ വിദ്യാർത്ഥികളുടെ പേരുണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Gujarat Medical Student Made To Stand For Hours and Dies