ബിജെപി ജനറൽ സെക്രട്ടറി പണം നൽകി വോട്ട് പിടിക്കാൻ ശ്രമിച്ചതായി ആരോപണം, അഞ്ച് കോടി പിടിച്ചെടുത്തെന്ന് ബിവിഎ

താവ്‌ഡേയുടെ ഹോട്ടല്‍ മുറിയില്‍ നിന്ന് 9.93 ലക്ഷം രൂപയാണ് പിടിച്ചെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു

dot image

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേ പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിച്ചതായി ആരോപണം. ബഹുജന്‍ വികാസ് അഘാഡി (ബിവിഎ)യാണ് വിനോദ് താവ്‌ഡേയ്‌ക്കെതിരെ രംഗത്തെത്തിയത്. താവ്‌ഡേയുടെ കയ്യില്‍ നിന്നും അഞ്ച് കോടി രൂപ പിടിച്ചെടുത്തതായി ബിവിഎ ആരോപിച്ചു.

എന്നാല്‍ താവ്‌ഡേയുടെ ഹോട്ടല്‍ മുറിയില്‍ നിന്ന് 9.93 ലക്ഷം രൂപയാണ് പിടിച്ചെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താവ്‌ഡേ ആരോപണങ്ങള്‍ നിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകരും ബിവിഎ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. താവ്‌ഡേയും നാലാസൊപാര നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജന്‍ നായിക്കും താമസിച്ച പല്‍ഘാറിലെ വിവന്ത ഹോട്ടലിലേക്ക് ബിവിഎ പ്രവര്‍ത്തകര്‍ ഇരച്ച് കയറുന്നത് വീഡിയോയില്‍ കാണാം. ബിവിഎ പ്രവര്‍ത്തകര്‍ ബാഗില്‍ നിന്ന് പണം പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

എന്നാല്‍ പണം തന്റേതല്ലെന്ന് താവ്‌ഡേ പറയുന്നതും വീഡിയോയിലുണ്ട്. പ്രവര്‍ത്തകര്‍ ഹോട്ടലില്‍ കയറിയതിന് പിന്നാലെ താവ്‌ഡേ ഹോട്ടലിലെ അടുക്കളയില്‍ കയറി ഒളിച്ചിരുന്നുവെന്ന് ബിവിഎ നേതാവ് പ്രശാന്ത് റൗട്ട് പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടച്ചുപൂട്ടിയതായും എംവിഎ നേതാക്കള്‍ ആരോപിച്ചു.

Content Highlights:  BJP s Vinod Tawde accused of distributing cash before Maharashtra election

dot image
To advertise here,contact us
dot image