ഓണ്‍ലൈന്‍ വഴി വാങ്ങിയ ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ഇരുകൈപ്പത്തികളും നഷ്ടമായി

പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു

dot image

ബെംഗളൂരു: അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്.

അയല്‍വാസിയായ ശശികലക്ക് കൊറിയര്‍ വഴിയെത്തിയതായിരുന്നു ഹെയര്‍ ഡ്രൈയര്‍. ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഡിടിഡിസി കൊറിയര്‍ വഴിയാണ് ഡ്രൈയര്‍ എത്തിയത്. കൊറിയറില്‍ ശശികലയുടെ പേരും മൊബൈല്‍ നമ്പറും വിലാസവും നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കൊറിയര്‍ വാങ്ങിയതും കൈവശം വച്ചതെന്നും ബാസമ്മ വ്യക്തമാക്കി.

ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയല്‍വാസികളിലൊരാളാണ് ഹെയര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ നിര്‍ദേശിച്ചത്. പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവതിയുടെ ഇരുകയ്യിലെയും വിരലുകള്‍ ചിന്നിച്ചിതറുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആദ്യം ഡ്രൈയര്‍ താന്‍ വാങ്ങിയതാണെന്ന് ശശികല സമ്മതിച്ചിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തതോടെ കൊറിയര്‍ തന്റേതല്ലെന്നും താന്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നുമായി ശശികലയുടെ വാദം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂസര്‍ മാനുവലില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Content Highlight: Woman lost forearms after hair dryer bought via online exploded

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us