പട്‌ന: മദ്യപിച്ച് സ്‌കൂളിലെത്തിയ പ്രധാനാധ്യാപകനും അധ്യാപകനും അറസ്റ്റില്‍. ബിഹാറിലെ നളന്ദ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഈ ആഴ്ച ആദ്യമാണ് അറസ്റ്റിനാസ്പദമായ സംഭവം. പ്രധാനാധ്യാപകന്‍ നാഗേന്ദ്ര പ്രസാദ്, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകന്‍ സുബോദ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ സ്‌കൂളിലെത്തിയ ഇരുവരുടെയും അസാധാരണ പെരുമാറ്റമാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് മറ്റുദ്യോഗസ്ഥര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇരുവരും മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികളോടും പ്രദേശവാസികളോടും സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മദ്യലഹരിയില്‍ നടക്കാന്‍ പോലും സാധിക്കാത്ത അധ്യാപകന്‍ റോഡിലേക്ക് കുഴഞ്ഞുവീഴുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വലിച്ച് വാനിലേക്ക് കയറ്റുകയായിരുന്നു.
അതിനിടെ പൊലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. അധ്യാപകനെ പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച പൊലീസുകാരന്‍ മദ്യപിച്ചിരുന്നതായി പ്രദേശവാസികള്‍ ആരോപിച്ചതാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥനെ സ്റ്റേഷനിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിന് പിന്നാലെ നടത്തിയ വൈദ്യ പരിശോധനയില്‍ അധ്യാപകര്‍ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചു. ഇരുവരെയും സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി അധികൃതർ അറിയിച്ചു.
Content Highlights: Teacher And Principal Walk Into School Drunk at Bihar Arrested