ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് വോട്ടെണ്ണല്‍ ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും, ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമുള്ള എംഎല്‍എമാരെ ഇന്നറിയാം. 65 ശതമാനം പോളിങ്ങാണ് ഇത്തവണ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്.
താരതമ്യേന കുറഞ്ഞ കണക്കാണെങ്കിലും, കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61.4% ആയിരുന്നു പോളിങ് കണക്ക്. അതേ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ 61.39% ആയിരുന്നു പോളിങ് ശതമാനം. 10 നിയമസഭാ മണ്ഡലങ്ങളുള്ള കോലാപൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ ജില്ല (76.25%).
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ പ്രവചിച്ച് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നിരുന്നു. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് പ്രവചനം. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. ബിജെപി സഖ്യത്തിന് മേല്‍ക്കൈ പ്രവചിക്കുമ്പോഴും കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല.
മഹായുതി സഖ്യം 150 മുതല്‍ 170 വരെ സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോള്‍ ഫലം. മഹാ വികാസ് അഘാഡി സഖ്യം 126 മുതല്‍ 146 വരെ സീറ്റുകള്‍ നേടാമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ എട്ട് മുതല്‍ 10 വരെ സീറ്റുകള്‍ നേടാമെന്നും മാട്രിസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ജാര്‍ഖണ്ഡില്‍ എന്‍ഡിഎ മുന്നേറ്റമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ചാണക്യയുടെ എക്സിറ്റ് പോളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ജെഎംഎം നേതൃത്വം നല്‍കുന്ന ഇന്‍ഡ്യാ മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നും 35 മുതല്‍ 38 സീറ്റുകള്‍ വരെ മാത്രമേ മുന്നണിക്ക് ലഭിക്കുകയുള്ളൂ എന്നും ചാണക്യയുടെ എക്സിറ്റ് പോള്‍ പറയുന്നു. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ ലഭിക്കാമെന്നും എക്സിറ്റ് പോളില്‍ പറയുന്നു. ടൈംസ് നൗവിന്റെ എക്സിറ്റ് പോളില്‍ ജാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് 40 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് പറയുന്നു. പാലക്കാട്, ചേലക്കര മണ്ഡലങ്ങൾക്ക് പുറമേ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് ഉച്ചയോടെ പുറത്തുവരും.
Content Highlights: Maharashtra and Jharkhand election results today