ബിജെപി വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ 2019 ആവർത്തിക്കുമോ? മഹാരാഷ്ട്രയിൽ ഇനിയെന്ത്?

മഹാരാഷ്ട്രയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇന്ത്യ സഖ്യം തകരുകയും എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുന്ന കാഴ്ചയുമാണ് കാണാന്‍ സാധിക്കുന്നത്.

dot image

മുംബൈ: ദേശീയ രാഷ്ട്രീയത്തില്‍ അഞ്ച് വര്‍ഷകാലയളവില്‍ രണ്ട് തവണ സര്‍ക്കാര്‍ വീഴുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യമാണ്. അതുകൊണ്ട് തന്നെയാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് രാജ്യം ആകാക്ഷയോടെ ഉറ്റുനോക്കിയത്. ഇന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇന്ത്യ സഖ്യം തകരുകയും എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുന്ന കാഴ്ചയുമാണ് കാണാന്‍ സാധിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന-എന്‍സിപി സഖ്യമായ മഹായുതിക്കാണ് മുന്‍തൂക്കം. ഇന്ത്യ സഖ്യത്തെ നിലംപരിശമാക്കി 227 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. ഇന്ത്യ സഖ്യമായ മഹാവികാസ് അഘാഡിക്ക് തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെന്ന് തന്നെ പറയാം.

Maharashtra

മഹായുതിയില്‍ ബിജെപി മാത്രം 124 സീറ്റുകളിലാണ് മുന്നേറുന്നത്. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷം 56 സീറ്റുകളിലും എന്‍സിപി അജിത് പവാര്‍ പക്ഷം 56 സീറ്റുകളിലും മുന്നില്‍ നില്‍ക്കുന്നു. മഹായുതിക്ക് ആഘോഷിക്കാനുള്ള വകയുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ സങ്കീര്‍ണതകള്‍ ഏറുകയാണ്. 2019ന് സമാനമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ മഹായുതി കടന്നു പോകുന്നത്.

മഹാരാഷ്ട്രയെ ഇനി ആര് നയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. എന്‍ഡിഎയില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത് ബിജെപിയാണെന്നതിന് സംശയമില്ല. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസിനെ പരിഗണിക്കാനുള്ള സമ്മര്‍ദമുണ്ട്. ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആർഎസ്എസ് ഇതിനകം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Devendra Fadnavis
ദേവേന്ദ്ര ഫഡ്‌നാവിസ്

എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാനുള്ള സാഹചര്യവും നിലനില്‍ക്കുന്നു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശിവസേന ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. നേരത്തെ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന പിളരുകയും ഉദ്ദവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ബിജെപി വലിയ പിടിവലികള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ബിജെപി പിടിമുറക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിന് മാത്രമല്ല, ഓരോ കക്ഷികളും അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ വന്‍ വിജയം കാഴ്ചവെച്ചതിനാല്‍ മന്ത്രി സ്ഥാനങ്ങള്‍ക്കുള്ള പിടിവലികള്‍ക്കുള്ള സാധ്യതയും കാണുന്നുണ്ട്.

2019 ആവര്‍ത്തിക്കുമോ?

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയം ഏറെ സങ്കീര്‍ണായിരുന്നു. 2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 105 സീറ്റുകളില്‍ ബിജെപിയും 56 സീറ്റുകളിൽ അവിഭക്ത ശിവസേനയും വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലികള്‍ ശക്തമായി. ഊഴമിട്ടുള്ള മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഉദ്ദവ് താക്കറേ വാദിച്ചപ്പോള്‍ ബിജെപി അത് നിഷേധിച്ചു. ഒടുവില്‍ ബിജെപിയുടെ ഏറ്റവും ശക്തമായ സഖ്യത്തില്‍ നിന്നും ശിവസേന പിന്മാറി.

Uddhav Tahkkarey
ഉദ്ദവ് താക്കറേ

എന്നാല്‍ അജിത്പവാറിന്റെ പിന്തുണ പ്രതീക്ഷിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ രൂപീകരിച്ചു. തൊട്ടുപിന്നാലെ ഭൂരിപക്ഷം ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ മുഖ്യമന്ത്രി ദേവേന്ദ് ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും സ്ഥാനം രാജിവെച്ചു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവര്‍ ചേര്‍ന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കുകയും ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

പിന്നീട് 2022ല്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം ശിവസേനയെ പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ഉദ്ദവ് സര്‍ക്കാര്‍ താഴെ വീണു.

പിന്നാലെ 2022 ജൂണ്‍ 29ന് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ അധികാരത്തിലെത്തി. ദേവേന്ദ്ര ഫഡ്‌നാവിസായിരുന്നു ഉപമുഖ്യമന്ത്രി. തുടര്‍ന്ന് എന്‍സിപി പിളര്‍ത്തിയെത്തിയ അജിത് പവാറും ഭരണസഖ്യത്തിന്റെ ഭാഗമാകുകയും ഉപമുഖ്യമന്ത്രിയാകുകയും ചെയ്യുകയായിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ല. അന്ന് ബിജെപിയും ഉദ്ദവ് താക്കറെയും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായതെങ്കില്‍ ഇന്ന് അതിൻ്റെ സാധ്യത നിലനിൽക്കുന്നത് ബിജെപിയ്ക്കും ഷിന്‍ഡെയ്ക്കും ഇടയിലാണ്. നിലിവില്‍ ഷിന്‍ഡെയുടെ നിലപാടെന്തായിരിക്കുമെന്നാണ് രാജ്യവും പ്രത്യേകിച്ച് എന്‍ഡിഎയും ഉറ്റുനോക്കുന്നത്. 2019നെ സംബന്ധിച്ച് നിരവധി വ്യത്യാസങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ട്. ഷിന്‍ഡെയെ കൂടാതെ അജിത് പവാറിന്റെ എന്‍സിപി പക്ഷവും ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് കേവലഭൂരിപക്ഷത്തിലെത്താന്‍ സാധിക്കുകയുള്ളു.

ഇന്ത്യ സഖ്യത്തിന്റെ തകര്‍ച്ച

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തിയായിരുന്നു മഹാരാഷ്ട്രയില്‍ ഇത്തവണ ഇന്ത്യ സഖ്യം കളത്തിലിറങ്ങിയത്. 48 ലോക്‌സഭാ സീറ്റില്‍ 30 എണ്ണം മഹാവികാസ് അഘാഡി നേടിയെടുത്തിരുന്നു. എന്നാല്‍ ഇത്തവണ 52 സീറ്റുകളില്‍ മാത്രമാണ് മുന്നണി മുന്നേറുന്നത്. കോണ്‍ഗ്രസും ശിവസേന(യുബിടി)യും 19 സീറ്റിലും എന്‍സിപി (ശരദ് പവാര്‍) 14 സീറ്റിലും മഹാരാഷ്ട്രയില്‍ മുന്നേറുകയാണ്.

എന്നാല്‍ സഖ്യത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് മഹാവികാസ് അഘാഡിക്ക് വെല്ലുവിളിയുയര്‍ത്തിയത്. സീറ്റ് വിഭജന വേളയില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നു. പിളർപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ ഉദ്ദവ് താക്കറെയ്ക്കും ശരദ് പവാറിനുമുള്ള ഏറ്റവും വലിയ തിരിച്ചടി കൂടിയാണ് ഈ ഫലം.

Content Highlights: What happened in Maharashtra in Chief Minister post

dot image
To advertise here,contact us
dot image