ചെന്നൈ: വെല്ലൂർ മെഡിക്കൽ കോളേജിൽ എം ബി ബി എസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജേക്കബ് തോമസാണ് അറസ്റ്റിലായത്. വൈദികനെന്ന് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നും പണം തട്ടിയത്. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും വൈദികനാണെന്നാണ് ജേക്കബ് തോമസ് പറഞ്ഞിരുന്നത്.
ജേക്കബ് തോമസിനെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ ഉണ്ട്. ഇത് കൂടാതെ നാഗ്പൂരിലും കേസ് ഉണ്ട്. ഇന്ത്യയിൽ ബീഹാർ, ഹരിയാന, തമിഴ്നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാൾ പത്തനംതിട്ട കൂടൽ സ്വദേശിയാണ്. വർഷങ്ങളായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന ഇയാൾ കന്യാകുമാരി തക്കളയിൽ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന ഇയാൾ ആഡംബര കാറുകളിലാണ് സഞ്ചരിക്കാറുള്ളത്.
പലര്‍ക്കും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടുവെന്നാണ് പരാതി. തൃശൂർ വെസ്റ്റ് പൊലീസ് ഈ കേസിൽ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റർ പോൾ ഗ്ലാഡ്സനെയും, പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ എന്നിവരേയും ജേക്കബ് തോമസിൻ്റെ മകൻ റെയ്നാർഡിനേയും അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാൻ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.തൃശൂർ വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ജേക്കബ് തോമസിന് തൃശൂർ സിജെഎം കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ട്. പ്രതിയെ ഇന്ന് പുലർച്ചെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlight :Accused arrested for defrauding crores by promising medical seat; The fraudster introduced as a priest