റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം സർക്കാർ രൂപീകരിക്കാൻ സോറൻ അവകാശവാദം ഉന്നയിക്കും.
ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ ജെഎംഎം തിരഞ്ഞെടുത്തു. വൈകുന്നേരം 4 മണിക്ക് രാജ്ഭവനിൽ ഗവർണർക്ക് രാജിക്കത്ത് കൈമാറി ഹേമന്ത് സോറൻ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. ജാർഖണ്ഡ് മന്ത്രിസഭാ രൂപീകരണ ചർച്ചകളും സജീവമായിരിക്കെ നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 16 കോൺഗ്രസ് സ്ഥാനാർഥികളാണ് ജാർഖണ്ഡിൽ ജയിച്ചത്.
അതേസമയം, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും.
നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ ആയിരിക്കും യോഗത്തിൽ ഉണ്ടാവുക. ബിജെപിയുടെയും ഷിൻഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എൻസിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടർച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. 130 ഓളം സീറ്റ് ലഭിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനം ഇക്കുറി വിട്ട് നൽകാൻ ഇടയില്ല.
Content Highlights: hemanth soren to be jharkhands chief minister