ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകും. ഡിസംബർ 20 വരെ ആയിരിക്കും സമ്മേളനം നടക്കുക. വിവാദ വഖഫ് ബില്‍ ഉള്‍പ്പടെ 15 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയുള്ള വഖഫ് ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
ബില്ല് ജനാധിപത്യ വിരുദ്ധമെന്ന ആരോപണവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും.
വയനാട് ലോക്സഭ മണ്ഡലത്തിൽ 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.
Content Highlights: Priyanka will take oath as Wayanad MP tomorrow and the Parliament Meeting will Conduct tomorrow