മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് പരാജയം അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല. ഇത്രയും വലിയൊരു പരാജയം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും തിരിച്ചടിയുണ്ടായത് അംഗീകരിക്കാനാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് ചെന്നിത്തല. ഈ തോൽവി പാർട്ടി കൃത്യമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട്ടെ വിജയത്തിന് രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനമെന്നും പ്രിയങ്ക ഗാന്ധിയുടെ വിജയം മതേതര ശക്തികളുടെ വിജയം എന്നും പറഞ്ഞ രമേശ് ചെന്നിത്തല കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല എന്ന സിപിഐഎം വാദം അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഭീകര ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും.
നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ ആയിരിക്കും യോഗത്തിൽ ഉണ്ടാവുക. ബിജെപിയുടെയും ഷിൻഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എൻസിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടർച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. 130 ഓളം സീറ്റ് ലഭിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനം ഇക്കുറി വിട്ട് നൽകാൻ ഇടയില്ല.
രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കൾ ഇന്ന് മുംബൈയിൽ സംസ്ഥാനത്തെ നേതാക്കളുമായി മന്ത്രിസഭാ രൂപീകരണ ചർച്ച നടത്തും. അതിൽ ഉണ്ടാകുന്ന തീരുമാനത്തിന് തുടർച്ചയായിട്ടാകും ഘടകകക്ഷികളുമായുള്ള ആശയവിനിമയവും സംയുക്ത നിയമസഭാ കക്ഷി യോഗവും. ഉപമുഖ്യമന്ത്രിപദം 2 പ്രധാന ഘടകകക്ഷികൾക്ക് നൽകുന്നതിൽ ബിജെപി എതിര് നിൽക്കാനിടയില്ല. ഏകനാഥ് ഷിൻഡെയ്ക്ക് ഒരുതവണകൂടി മുഖ്യമന്ത്രിപദം നൽകണമെന്ന നിലപാടാണ് ശിവസേന ഷിൻഡെ വിഭാഗത്തിനുള്ളത്.
Content Highlights: Ramesh Chennithala on maharashtra congress loss