ന്യൂഡല്‍ഹി: റെയില്‍വേ യാത്രികന് കൃത്യസമയത്ത് സിപിആര്‍ നല്‍കുന്ന ടിടിഇയുടെ വീഡിയോ വൈറല്‍. അമ്രാപലി എക്‌സ്പ്രസിലാണ് സംഭവം. ജനറല്‍ കോച്ചില്‍ യാത്ര ചെയ്യവേ 70 വയസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ടിടിഇ സിപിആര്‍ നല്‍കി രക്ഷിക്കുകയായിരുന്നു.
ടിടിഇയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സഹയാത്രക്കാര്‍ പകര്‍ത്തിയിരുന്നു. റെയില്‍വേ മന്ത്രാലയം ഈ വീഡിയോ പങ്കുവെച്ചതോടെ സംഭവം വൈറലായി. സിപിആറിന് ശേഷം യാത്രക്കാരനെ ബിഹാറിലെ ഛപ്ര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'ടിടിഇയുടെ ഇടപെടലില്‍ ഒരു മനുഷ്യന് ജീവന്‍ ലഭിച്ചു. അമ്രാപലി എക്‌സ്പ്രസ് (15708) ജനറല്‍ കോച്ചില്‍ യാത്ര ചെയ്യവേ 70 വയസ് പ്രായമുള്ള യാത്രക്കാരന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ ടിടിഇ സിപിആര്‍ നല്‍കുകയും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. പിന്നാലെ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു', റെയില്‍വേ മന്ത്രാലയം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
टीटीई की तत्परता से मिला ‘जीवनदान’
— Ministry of Railways (@RailMinIndia) November 23, 2024
ट्रेन संख्या 15708 'आम्रपाली एक्सप्रेस' के जनरल कोच में सफ़र के दौरान 70 वर्षीय एक यात्री को हार्ट अटैक आने पर तैनात टीटीई ने बिना समय गंवाए CPR दिया और यात्री की जान बचाई। तत्पश्चात छपरा रेलवे स्टेशन पर यात्री को अस्पताल भेज दिया गया। pic.twitter.com/vxqsTEkir7
എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വരുന്നത്. ടിടിഇയുടെ ഉടനുള്ള ഇടപെടലിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ സിപിആര്‍ നല്‍കിയ രീതിയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ശ്വാസം നിലച്ചതോ, ബോധമില്ലാത്തതോ ആയ ആളുകള്‍ക്കാണ് സിപിആര്‍ നല്‍കുന്നത്.
എന്നാല്‍ ബോധരഹിതനാകാത്ത ഒരു വ്യക്തിക്ക് സിപിആര്‍ നല്‍കുന്ന ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതാണെന്നും പല മെഡിക്കല്‍ വിദഗ്ദരും അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോ നീക്കണമെന്നും അവര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചും ടിടിഇയുടെ മെഡിക്കല്‍ പരിജ്ഞാനത്തെക്കുറിച്ചും റെയില്‍വേ അന്വേഷണത്തെക്കുറിച്ചും അറിയുന്നതിന് വേണ്ടി ആക്ടിവിസ്റ്റ് ഡോ. വിഷ്ണു രാജ്ഗഡിയ വിവരാവകാശം നല്‍കിയിട്ടുണ്ട്.
Content Highlights: TTE gives CPR to Train Passenger video viral