ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് നവജാത ശിശുക്കള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നു. മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെ തീപിടിത്തത്തിന് ശേഷം ഝാന്‍സിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് അഞ്ച് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. അപകടത്തില്‍ നിന്ന് 39 ഓളം കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു. ഇവരില്‍ രണ്ട് പേരാണ് ശനിയാഴ്ച രാത്രി മരിച്ചത്. പതിനെട്ട് കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ സൗകര്യമുള്ള ശിശു സംരക്ഷണ യൂണിറ്റില്‍ 49 കുഞ്ഞുങ്ങളെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights- Two more infants die, toll in Jhansi medical college fire rises to 17