മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഭീകര ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും.
നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ ആയിരിക്കും യോഗത്തിൽ ഉണ്ടാവുക. ബിജെപിയുടെയും ഷിൻഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എൻസിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടർച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. 130 ഓളം സീറ്റ് ലഭിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനം ഇക്കുറി വിട്ട് നൽകാൻ ഇടയില്ല.
രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കൾ ഇന്ന് മുംബൈയിൽ സംസ്ഥാനത്തെ നേതാക്കളുമായി മന്ത്രിസഭാ രൂപീകരണ ചർച്ച നടത്തും. അതിൽ ഉണ്ടാകുന്ന തീരുമാനത്തിന് തുടർച്ചയായിട്ടാകും ഘടകകക്ഷികളുമായുള്ള ആശയവിനിമയവും സംയുക്ത നിയമസഭാ കക്ഷി യോഗവും. ഉപമുഖ്യമന്ത്രിപദം 2 പ്രധാന ഘടകകക്ഷികൾക്ക് നൽകുന്നതിൽ ബിജെപി എതിര് നിൽക്കാനിടയില്ല. ഏകനാഥ് ഷിൻഡെയ്ക്ക് ഒരുതവണകൂടി മുഖ്യമന്ത്രിപദം നൽകണമെന്ന നിലപാടാണ് ശിവസേന ഷിൻഡെ വിഭാഗത്തിനുള്ളത്.
ഇക്കാര്യത്തിൽ ഇരു പാർട്ടികളും ഇന്ന് നടത്തുന്ന ചർച്ച നിർണായകമാണ്. അതേസമയം മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർ തീരുമാനങ്ങൾ ഇന്ന് സഖ്യം ചർച്ചചെയ്ത് ധാരണയുണ്ടാക്കും.
Content Higlights: who will be the next maharashtra chief minister