ഷാഹി ജമാ മസ്ജിദ് സർവേ സംഘർഷം: ഇന്റർനെറ്റുകൾ വിച്ഛേദിച്ചു, സ്ഫോടക വസ്തുക്കൾ കയ്യിൽ വെക്കരുത്, സ്കൂളുകൾക്ക് അവധി

തിരഞ്ഞെടുപ്പ് ക്രമക്കേടില്‍ നിന്ന് ചര്‍ച്ച തിരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ഗൂഢാലോചനയാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജമാ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റുകള്‍ വിച്ഛേദിച്ചു. പ്രദേശത്ത് 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത്. കൂടാതെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് കല്ലേറുകളുണ്ടായതിനാല്‍ കല്ലുകള്‍, സോഡാ കുപ്പികള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ശേഖരിക്കുന്നതോ വില്‍ക്കുന്നതോ നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നയീം, ബിലാല്‍, നൗമാന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ ഒരു പൊലീസ് സൂപ്രണ്ടിന്റെ കാലിന് പരുക്കേറ്റെന്നും 15 മുതല്‍ 20 വരെ പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും പൊലീസ് പറയുന്നു. ഒരു പൊലീസ് കോണ്‍സ്റ്റബിളിന് തലയ്ക്ക് പരുക്കേല്‍ക്കുകയും ഡെപ്യൂട്ടി കളക്ടറുടെ കാലിന് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ക്രമസമാധാന നില തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേടില്‍ നിന്ന് ചര്‍ച്ച തിരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ഗൂഡാലോചനയാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ ദിവസം പ്രാദേശിക കോടതി അനുമതി നല്‍കിയിരുന്നു. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ ഡി എം രാജേന്ദ്ര പാന്‍സിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സര്‍വേയ്ക്ക് എത്തുകയായിരുന്നു. എസ് പി കൃഷ്ണ ബിഷ്ണോയ്, എസ് ഡി എം വന്ദന മിശ്ര, സി ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തുന്നതറിഞ്ഞ് ആളുകള്‍ ഷാഹി ജുമാ മസ്ജിദിന് സമീപം എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശിയെന്നും കണ്ണീര്‍ വാതകം പ്രയോഗിച്ചു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയായിരുന്നു.

Content Highlights: Internet banned in UP Shahi Jama masjid survey clash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us