ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ തോല്‍വിക്ക് പിന്നാലെ രാജിവെച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു നാനാ പട്ടോലെയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ജനങ്ങളുടെ വികാരമല്ലെന്നും അദ്ദേഹം പറഞ്ഞു. 'മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുള്‍പ്പെടെ പ്രമുഖ ദേശീയ നേതാക്കള്‍ മുന്നില്‍ നിന്നാണ് തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയെ നയിച്ചത്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഗതി മഹാവികാസ് അഘാഡിക്ക് ഒപ്പമായിരുന്നു. അത് തന്നെയാണ് ജനങ്ങളും വിശ്വസിച്ചത്.
നന്ദേഡിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ലോക്‌സഭ ഉപതിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും ഒരേ ദിവസമാണ് നടന്നത്. ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ആറ് സീറ്റിലേക്ക് വിജയിച്ചപ്പോള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഒരു സീറ്റ് പോലും നേടാനായില്ല,' അദ്ദേഹം പറഞ്ഞു. ഫലങ്ങള്‍ തമ്മില്‍ ഇത്ര വലിയ അന്തരമുണ്ടാകില്ല. ജനങ്ങളും മഹാവികാസ് അഘാഡിയിലാണ് വിശ്വാസം അര്‍പ്പിച്ചത്. അവരുടെ ആഗ്രഹത്തിനനുസരിച്ച് അധികാരത്തില്‍ വന്നതല്ല ഇപ്പോഴുള്ള സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജിവെക്കാന്‍ തീരുമാനിക്കുകയോ പാര്‍ട്ടി ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം വ്യാജവാര്‍ത്തകളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പരാജയത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും നാനാ പട്ടോലെ വ്യക്തമാക്കി. രണ്ട് ദിവസത്തിനകം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം അവസാനിക്കപ്പെടുകയാണ്. അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാജി വെക്കുന്നതിനെ കുറിച്ചല്ല എന്നും പട്ടോലെ പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 288ല്‍ 46 സീറ്റുകള്‍ മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലഭിച്ചത്. മഹായുതിക്ക് 230 സീറ്റുകളാണ് ലഭിച്ചത്. ആകെ സീറ്റിന്റെ പത്ത് ശതമാനം പോലും പ്രതിപക്ഷ പാര്‍ട്ടികളിലാര്‍ക്കും നേടാനാകാതിരുന്നതോടെ പ്രതിപക്ഷ നേതാവും ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകില്ല.
Content Highlight: Nana patole denies resignation remarks, says those are fake news