ന്യൂഡൽഹി: സമയം രാവിലെ 8.20. പുരാവസ്തു വകുപ്പിന്റെ നിയമസഭാ കമ്മിറ്റിക്കൊപ്പം ഡല്‍ഹിയിൽ എത്തിയതായിരുന്നു മുൻ മന്ത്രി ആന്റണി രാജു. താമസം ഡല്‍ഹി കേരള ഹൗസിലെ 206-ാം നമ്പർ മുറിയിൽ. രാവിലെ മുതൽ ആന്റണി രാജു ഫോൺ എടുക്കുന്നില്ല. ഒരുമിച്ച് ചായ കുടിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനോട് രാത്രി പറഞ്ഞിരുന്നതാണ്. വാതിൽ മുട്ടി വിളിച്ചിട്ടും മറുപടി ഇല്ല.
സഹയാത്രികരായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എംഎൽഎമാരായ എം വിൻസന്റ്, പി ഉബൈദുല്ല എന്നിവരും റൂമിന് മുന്നിലേക്ക് ഓടിയെത്തി. എന്ത് സംഭവിച്ചു എന്നായി ആശങ്ക. റൂമിനകത്തെ ലാൻഡ് ലൈനിലേക്ക് വിളിച്ചിട്ടും എടുക്കാതായതോടെ കേരള ഹൗസ് ജീവനക്കാർ വാതിൽ പൊളിക്കാമെന്നായി.
15 വർഷം മുൻപ് സമാനമായ ഒരു സംഭവമുണ്ടായിട്ടുണ്ട്. അന്നത്തെ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ സമയം ഏറെ കഴിഞ്ഞിട്ടും റൂം തുറന്നില്ല. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ ബാത്ത്റൂമിനുള്ളിൽ വീണു കിടക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. ആന്റണി രാജുവിന്റെ കാര്യത്തിൽ മന്ത്രിയും എംഎൽഎമാരും പരിഭ്രാന്തിയിലായി. തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്ന കെ രാധാകൃഷ്ണനും എത്തി. സമയം 8.45. വാതിലിന്റെ കുറ്റി തകർത്ത് എംഎൽഎ മാർ അകത്തു കടന്നു. ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം. ബാത്‌റൂമിന്റെ വാതിലിൽ വിൻസന്റ് എംഎൽഎ മുട്ടി. പെട്ടെന്ന് 'യേ….സ്‌സ്..!!'
അകത്ത് നിന്ന് ആന്റണി രാജുവിന്റെ നീട്ടിയുള്ള മറുപടി. കേരള ഹൗസ് ജീവനക്കാർ ആണെന്നാണ് കരുതിയത്. പുറത്തെ പുകിലുകൾ ഒന്നും അറിയാതെ വിസ്തരിച്ചുള്ള കുളിയിൽ ആയിരുന്നു ആന്റണി രാജു. എംഎൽഎമാരെ കണ്ടതും അമ്പരന്നു. റൂമിൽ അതിക്രമിച്ച് കടന്നതിന് നിങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്ന് തമാശ. പിന്നെ കൂട്ടച്ചിരിയായി. അങ്ങനെ അരമണിക്കൂർ നീണ്ട പരിഭ്രാന്തി തമാശയിൽ അവസാനിച്ചു.
Content Highlights: No noice in Antony Raju's room he MLAs broke the door down in Kerala House delhi