മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് അനിശ്ചിത്വം തുടരുകയാണ്. നിലവിലുണ്ടായിരുന്ന മഹായുതി സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ളത് ബിജെപിക്കാണ്. എന്നിട്ടും സഖ്യത്തിനായി ബിജെപി മുഖ്യമന്ത്രി സ്ഥാനം വിട്ടുവീഴ്ച ചെയ്തിരുന്നു. എന്നാൽ സഖ്യം രണ്ടാമതും അധികാരത്തിൽ എത്തുമ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ബിജെപി നിലപാട്. ദേവേന്ദ്ര ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകണം എന്ന ശക്തമായ നിലപാടിലാണ് ബിജെപി. ഇത്തവണ മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിൻ്റെ വിജയത്തിൽ നിർണായക ഇടപെടൽ നടത്തിയ ആർഎസ്എസ് നേതൃത്വവും ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകണമെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി, ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) എന്നിവരടങ്ങുന്ന മഹായുതി സഖ്യം മഹാരാഷ്ട്രയിലെ ആകെയുള്ള 288 സീറ്റുകളിൽ 235 എണ്ണത്തിലും വിജയിച്ചിരുന്നു.
കഴിഞ്ഞ തവണ ബിജെപി നൽകിയ പരിഗണന ഇത്തവണ തിരിച്ച് കാണിക്കണമെന്നാണ് ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ മുന്നിൽ ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാൽ മഹായുതി തിരഞ്ഞെടുപ്പിനെ നേരിട്ടതും മികച്ച നേട്ടമുണ്ടാക്കിയതും തൻ്റെ സർക്കാരിൻ്റെ പ്രതിച്ഛായയുടെ പിൻബലത്തിലാണ് എന്ന നിലപാടിലാണ് ഷിൻഡെ. സ്വന്തം പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം കൂടി ചൂണ്ടിക്കാണിച്ചാണ് ഷിൻഡെയുടെ വാദം.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിൻ്റെ അനുയായികൾ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഷിൻഡെ അനുയായികൾക്കായി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ഥാനമൊഴിയാൻ സന്നദ്ധനാണ് എന്നൊരു സൂചനയാണ് ഈ പോസ്റ്റിൽ രാഷ്ട്രീയ നിരീക്ഷകർ വായിച്ചെടുക്കുന്നത്. അനുയായികളോട് ശാന്തരായിരിക്കാനും മുംബൈയിൽ എവിടെയും ഒത്തുകൂടരുതെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഷിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്.
महायुतीच्या प्रचंड विजयानंतर राज्यात पुन्हा एकदा आपले सरकार स्थापन होणार आहे. महायुती म्हणून आपण एकत्रित निवडणूक लढवली आणि आजही एकत्रच आहोत. माझ्यावरील प्रेमापोटी काही मंडळींनी सर्वांना एकत्र जमण्याचे, मुंबईत येण्याचे आवाहन केले आहे. तुमच्या या प्रेमासाठी मी अत्यंत मनापासून ऋणी…
— Eknath Shinde - एकनाथ शिंदे (@mieknathshinde) November 25, 2024
നിലവിലെ സാഹചര്യത്തിൽ അധികാരത്തിലെത്താനുള്ള കേവല ഭൂരിപക്ഷത്തിലേയ്ക്ക് ബിജെപിക്ക് അധികമായി വേണ്ടത് 13 എംഎൽഎമാരുടെ പിന്തുണ മാത്രമാണ്. അവിഭക്ത ശിവസേനയെയും എൻസിപിയെയും പിളർത്താൻ നടന്ന കരുനീക്കങ്ങൾ അജിത് പവാറിനും ഏക്നാഥ് ഷിൻഡെയ്ക്കും ബോധ്യമുള്ളതുമാണ്. അതിനാൽ തന്നെ ഷിൻഡെയോ അജിത് പവാറോ ഒരു പരിധിക്ക് അപ്പുറത്തേയ്ക്ക് ഇത്തവണ ബിജെപിയുടെ മേൽ സമ്മർദം ചെലുത്താൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നിലവിൽ സഖ്യത്തിലെ മൂന്നാമനായ അജിത് പവാറിൻ്റെ നിലപാടും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. ഷിൻഡെയെക്കാൾ ഫട്‌നാവിസ് മുഖ്യമന്ത്രിയായി വരാനാണ് താൽപ്പര്യമെന്നത് പരസ്യമായ രഹസ്യമാണ്. നിലവിലെ മഹായുതി സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ഷിൻഡെയും അജിത് പവാറും തമ്മിലുള്ള ബന്ധം അത്ര സുഗമമായിരുന്നില്ല. ഷിൻഡെയും അജിത് പവാറും മറാഠാ സമുദായത്തിൽപ്പെട്ടവരാണ്. അതിനാൽ തന്നെ സാമുദായിക അടിത്തറ സംബന്ധിച്ച സംഘർഷങ്ങളും ഇവർക്കിടയിലെ വൈരുദ്ധ്യങ്ങളാണ്.
നിലവിൽ ഷിൻഡെയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ അജിത് പവാറിന് ആശങ്കയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറാഠാ സമുദായത്തിൽ ഷിൻഡെയുടെ സ്വാധീനം വളരുന്നത് തൻ്റെ രാഷ്ട്രീയ അടിത്തറയെ ബാധിച്ചേക്കുമെന്നാണ് അജിത് പവാർ ഭയപ്പെടുന്നത്. അതിനാൽ തന്നെ ഷിൻഡെയ്ക്കും ഫട്‌നാവിസിനും ഇടയിൽ തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ അജിത് പവാർ ബിജെപിക്കും നിൽക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ പിന്തുണയോടെയാണ് മുഖ്യമന്ത്രി പദവി ലക്ഷ്യമാക്കിയുള്ള ദേവേന്ദ്ര ഫട്‌നാവിസിൻ്റെ നീക്കങ്ങൾ. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നിന്നുള്ള പിന്തുണയും ഫട്‌നാവിസിന് അനുകൂലഘടകമാണ്. സ്വയം നേതാവാണ് എന്ന് പ്രഖ്യാപിക്കുന്ന വീഡിയോ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഫട്‌നാവിസ് പോസ്റ്റ് ചെയ്തത് ശ്രദ്ധേയമായിരുന്നു. ഏതാണ്ട് മൂന്ന് മിനിറ്റ് നീണ്ടുനിന്ന വീഡിയോയിൽ അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു.
Thank you, Maharashtra, for your trust and overwhelming support🙏🪷
— Devendra Fadnavis (@Dev_Fadnavis) November 24, 2024
भाजपा-महायुतीच्या महाविजयानंतर महाराष्ट्राच्या जनतेपुढे नतमस्तक होऊन कार्यकर्त्यांसह साजरा केलेल्या महाविजयोत्सवाचे कालच्या दिवसभरातील काही क्षण...
( भाजपा-महायुतीचा महाविजयोत्सव | मुंबई-नागपूर | 23-11-2024)… pic.twitter.com/4LhQFGFTcn
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തിയും ഐക്യവും പ്രകടിപ്പിച്ച മൂന്ന് നേതാക്കൾ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ പേരിൽ അകലുന്ന സാഹചര്യം ഉണ്ടായാൽ മഹായുതിയുടെ ഭാവിയും നിർണ്ണായകമാകും. ഉദ്ധവ് താക്കറെ ബിജെപിയുമായി അകലാൻ ഇടയായ സാഹചര്യം തന്നെയാണ് ഇപ്പോൾ ഷിൻഡെയ്ക്ക് മുന്നിലുള്ളത്. എന്നാൽ അജിത് പവാറിനെ ഒപ്പം നിർത്താനായാൽ ബിജെപിക്ക് ഷിൻഡെയുടെ സമ്മർദ്ദത്തെ അതിജീവിക്കാനാവും. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി തർക്കം തൽക്കാലത്തേയ്ക്ക് പരിഹരിക്കാൻ സാധിച്ചാലും മഹായുതി സഖ്യത്തിൻ്റെ സുഗഗമായ മുന്നോട്ട് പോക്ക് ചോദ്യ ചിഹ്നമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: BJP Pushing For Fadnavis, Shinde Unwilling to Budge