ഭരണഘടനാ ദിനം ആഘോഷിച്ചു, പിന്നാലെ വിവാദം; രാഷ്ട്രപതിക്കെതിരെ സിപിഐ, രാഹുലിനെതിരെ ബിജെപി

രാഷ്ട്രപതി നടത്തിയ പ്രസംഗത്തില്‍ മതേതരത്വവും സോഷ്യലിസവും പരാമര്‍ശിച്ചില്ലെന്ന് സിപിഐ എം പി സന്തോഷ് കുമാറാണ് ആരോപിച്ചത്

dot image

ഡല്‍ഹി: ഭരണഘടനാദിന ആഘോഷ ചടങ്ങുകള്‍ക്ക് പിന്നാലെ വിവാദം പുകയുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ സിപിഐയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും രംഗത്തെത്തി. ഭരണഘടനാദിനത്തില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തില്‍ മതേതരത്വവും സോഷ്യലിസവും പരാമര്‍ശിച്ചില്ലെന്ന് സിപിഐ എം പി സന്തോഷ് കുമാറാണ് ആരോപിച്ചത്. രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാക്കളായ അമിത് മാളവ്യ, സി ആര്‍ കേശവന്‍, പ്രദീപ് ഭണ്ഡാരി എന്നിവര്‍ രംഗത്തെത്തി.

ഭരണഘടനയിലെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം കേന്ദ്രസര്‍ക്കാര്‍ പങ്കുവെച്ചത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഭരണഘടനാ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു തന്റെ പ്രസംഗത്തില്‍ മതേതരത്വവും സോഷ്യലിസവും പരാമര്‍ശിച്ചില്ലെന്ന് ആരോപിക്കുകയാണ് സിപിഐ എംപി സന്തോഷ് കുമാര്‍. ഭരണഘടനയുടെ പഴയ ആമുഖമാണ് രാഷ്ട്രപതി വായിച്ചതെന്നായിരുന്നു സന്തോഷ് കുമാറിന്റെ ആരോപണം. സര്‍ക്കാരിന്റെ മനസ്സിലിരിപ്പാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷങ്ങളില്‍ ഉടനീളം വ്യക്തിപൂജയും വ്യക്തികേന്ദ്രീകൃത ഇടപെടലുകളും വ്യക്തമായിരുന്നുവെന്നും സന്തോഷ് കുമാര്‍ ആരോപിച്ചു.

ഇതിനിടെ തന്നെയാണ് രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനം തലപൊക്കിയത്. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചു എന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. രാഷ്ട്രപതിയുടെ അഭിവാദ്യം സ്വീകരിക്കാതെ രാഹുല്‍ തിരിഞ്ഞു നടന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം ധാര്‍ഷ്ട്യമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. രാഹുലിന് കുടുംബവാഴ്ചയുടെ ധാര്‍ഷ്ട്യമെന്ന് സി ആര്‍ കേശവനും ആരോപിച്ചു. രാഹുല്‍ ഗാന്ധിയും കുടുംബവും ആദിവാസികളോട് വിദ്വേഷം പുലര്‍ത്തുന്നു എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ കുറ്റപ്പെടുത്തല്‍. രാഹുലിന്റെ ഒരു വീഡിയോയും ബിജെപി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights- cpi slam president droupati murmu and bjp against rahul gandhi after constitution day celebration

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us