എസ്ഡിപിഐ ബന്ധം, സിപിഐഎമ്മിൻ്റെ ആക്ഷേപം ബുദ്ധിയില്ലായ്മ, എൽഡിഎഫ് എല്ലാവരുടേയും പിന്തുണ തേടുന്നുണ്ട്; കെ സുധാകരൻ

കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആര് വോട്ടു ചെയ്തു എന്നതിൽ പ്രശ്നമില്ല. തമ്മിൽ സഖ്യം ഉണ്ടോ എന്നത് നോക്കിയാൽ മതിയെന്ന് കെ സുധാരൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു

dot image

ന്യൂഡൽഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ എസ്ഡിപിഐ വോട്ടുകളുണ്ടെന്ന വിവാദത്തോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആര് വോട്ടു ചെയ്തു എന്നതിൽ പ്രശ്നമില്ല. തമ്മിൽ സഖ്യം ഉണ്ടോ എന്നത് നോക്കിയാൽ മതിയെന്ന് കെ സുധാകരൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. മറ്റു കക്ഷികൾ വോട്ട് ചെയ്യുന്നത് സ്ഥാനാർത്ഥിയുടെ മഹത്വം കൊണ്ടാണെന്നും, അവരുടെ വോട്ട് ചോദിച്ചു വാങ്ങി എന്ന വ്യാഖ്യാനത്തിന് അടിസ്ഥാനമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ആരെങ്കിലും വോട്ട് ചെയ്തിട്ടുണ്ട് എങ്കിൽ വേണ്ട എന്ന് പറയാൻ കഴിയില്ല. എസ്ഡിപിഐ ബന്ധം എന്ന ആക്ഷേപം സിപിഐഎമ്മിൻ്റെ ബുദ്ധിയില്ലായ്മയാണ്. സിപിഐഎം എല്ലാവരുടെയും പിന്തുണ തേടുന്നുണ്ട്. അ‌തെല്ലാം മറ്റുള്ളവരുടെ മേൽ പഴിചാരി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് ശക്തി പ്രാപിച്ചു എന്ന് വരാതിരിക്കാനുള്ള ശ്രമമാണ് ന‌‌‌ടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഉള്ളിൽ ന‌‌‌ടക്കുന്നത് ഗ്രൂപ്പിസമാണെന്നും കെ സുധാകരൻ പ്രതികരിച്ചു. ബിജെപിക്ക് അകത്ത് തർക്കവും മത്സരവും നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കരയിൽ സംഘടനാ പ്രശ്നം ഉണ്ടായെന്ന ആരോപണത്തോടും കെ സുധാകരൻ പ്രതികരിച്ചു. പാളിച്ച ഉണ്ടായിട്ടില്ല എന്ന് പറയുന്നില്ല. പക്ഷേ പാളിച്ച കൊണ്ടല്ല ചേലക്കരയിൽ പരാജയപ്പെട്ടത്. അടിസ്ഥാനപരമായ പ്രശ്നങ്ങൾ കാരണങ്ങളാണ് പരാജയത്തിന് പിന്നിലെന്നും കെ സുധാകരൻ വ്യക്തമാക്കി.

ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി നിർത്തിയതിൽ ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ ഉള്‍പ്പടെ നേരത്തെ വിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നായിരുന്നുവെന്നുമായിരുന്നു പ്രാദേശിക നേതാക്കളുടെ വിമർശനം. രമ്യ ഹരിദാസ് മോശം സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ ഗ്രൂപ്പിൽ പറയുന്ന ശബ്ദസന്ദേശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു.

സ്ഥാനാർത്ഥി വളരെ മോശമായിരുന്നു. അത് എല്ലാവർക്കും നൂറ് ശതമാനം ഉറപ്പായിരുന്നു. പക്ഷെ നമുക്ക് അത് പുറത്തുപറയാൻ പറ്റില്ല. പാർട്ടി അവതരിപ്പിച്ചത് രമ്യയെ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലെന്നും അതുകൊണ്ടാണ് അവരെ പിന്തുണച്ചതെന്നും ശബ്ദസന്ദേശത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ പറയുന്നുണ്ട്. പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും എന്നാൽ സ്ഥാനാർത്ഥി കൂടി വിചാരിക്കണമായിരുന്നുവെന്നും, വേറൊരാൾ ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ക്ലിയർ ആകുമായിരുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.

Content Highlights: KPCC President K Sudhakaran Says that, Allegation of SDPI connection is CPIM's lack of intelligence

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us