ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇവിഎം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതിനായി ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം നൽകുമെന്നും ഖാര്‍ഗെ പറഞ്ഞു. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ പാർട്ടിയുടെ ഭരണഘടനാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 288-ൽ 230 സീറ്റുകൾ ബിജെപി നേടിയതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഇവിഎം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.
അതേ സമയം ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഡോ. കെ എ പോൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തുകയാണെങ്കിൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവിഎമ്മില്‍ കൃത്രിമമില്ല, തോല്‍ക്കുമ്പോള്‍ കൃത്രിമമെന്ന് പറയുന്നത് എന്തിനാണെന്നും സുപ്രീംകോടതി ഹര്‍ജിക്കാരനെ പരിഹസിച്ചു. ചന്ദ്രബാബു നായിഡു തോറ്റപ്പോള്‍ ഇതേ ആക്ഷേപമുയര്‍ത്തി. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ജയിച്ചു. ഇവിഎമ്മില്‍ ക്രമക്കേടുണ്ടെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറയുന്നുവെന്നും ജസ്റ്റിസ് വിക്രം നാഥ് ഹര്‍ജിക്കാരന് മറുപടി നല്‍കി. ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന അവകാശവാദങ്ങൾ പൊരുത്തമില്ലാത്തതാണെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംവിധാനത്തോട് പരാതിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Content Highlights: Mallikarjun Kharge says that, We don’t want EVMs, we want ballot paper