മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. ശിവസേന ഷിന്‍ഡെ വിഭാഗം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ നിലപാടില്‍ അയവ് വരുത്തിയതോടെയാണിത്. ഇതോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുമെന്നുറപ്പായി.
രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവും. എന്‍സിപിയുടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവും. മറ്റൊരു ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വരുമോ മകന്‍ ശ്രീനാഥ് ഷിന്‍ഡെ വരുമോ എന്നതില്‍ ഇപ്പോള്‍ ഉത്തരമായിട്ടില്ല. മഹായുതി കണ്‍വീനര്‍ സ്ഥാനം ഷിന്‍ഡെ പക്ഷത്തിന് നല്‍കുമോയെന്നതിലും തീരുമാനമായിട്ടില്ല.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു. ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായത്. അതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവുമായിരുന്നു നിരീക്ഷകര്‍. ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷിന്‍ഡെ നിലപാട് മയപ്പെടുത്തിയത്.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മറ്റ് ബിജെപി കേന്ദ്ര നേതാക്കളും എടുക്കുന്ന തീരുമാനത്തെ താന്‍ അംഗീകരിക്കുന്നുവെന്ന് ഷിന്‍ഡെ പറഞ്ഞു. മഹായുതി സഖ്യത്തിന് കല്ലുകടിയാവാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹായുതി സഖ്യം മഹാരാഷ്ട്രയിലെ ആകെയുള്ള 288 സീറ്റുകളില്‍ 235 എണ്ണത്തിലും വിജയിച്ചിരുന്നു.