ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. വയനാട്ടില്‍ നിന്നുള്ള മുസ്ലിം ലീഗ് എംപി സത്യപ്രത്ജ്ഞ ചെയ്തു. ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അഭൂതപൂര്‍വ്വമായ നിമിഷം എന്നാണ് അമിത് മാളവ്യ എക്‌സിലൂടെ പങ്കുവെച്ചത്.
New Muslim League MP from Wayanad takes oath. Epoch moment for the Gandhi family.
— Amit Malviya (@amitmalviya) November 28, 2024
അമിത് മാളവ്യയുടെ പരിഹാസത്തെ കോണ്‍ഗ്രസ് തള്ളി. ബിജെപിയിലെ അസഹിഷ്ണുതയുടെ തെളിവാണ് മാളവ്യയുടെ പ്രതികരണം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. വയനാട്ടിലെ ജനങ്ങളെ ബിജെപി അപമാനിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗം ഉള്ള ജില്ലയാണ് വയനാട് എന്ന് ബിജെപി ഓര്‍ക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ഭരണഘടനയെ ഉയര്‍ത്തിയായിരുന്നു ഇന്ന് പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്.
നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. ഉപതിരഞ്ഞെടുപ്പില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്. 2024 ല്‍ സഹോദരന്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
Content Highlights: BJPs Amit Malviya Called Priyanka Gandhi New Muslim League MP