എയർഇന്ത്യ പൈലറ്റിന്‍റെ മരണം; 'ആദിത്യയോടൊപ്പം വനിതാ പൈലറ്റുണ്ടായിരുന്നു', ആൺ സുഹൃത്തിനെതിരെ കൂടുതൽ ആരോപണങ്ങള്‍

സൃഷ്ടിയെ ആദിത്യ പരസ്യമായി അപമാനിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആരോപണം

dot image

മുംബൈ: എയർഇന്ത്യ പൈലറ്റിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. ഗോരഖ്പുർ സ്വദേശിനി സൃഷ്ടി തുലിയുടെ മരണത്തിൽ ആദിത്യ പണ്ഡിറ്റിനെതിരെയാണ് കുടുംബം കടുത്ത ആരോപണങ്ങൾ ഉയർത്തുന്നത്. സൃഷ്ടിയെ ആദിത്യ പരസ്യമായി അപമാനിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആരോപണം. പണം തട്ടിയെടുത്തെന്നും കുടുംബം പറയുന്നു.

മുംബൈ അന്ധേരിയിലെ താമസസ്ഥലത്താണ് സൃഷ്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ ആദിത്യയെ വിളിച്ച സൃഷ്ടി താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനെ തുടർന്ന് ഒരാളെ വിളിച്ച് ആദിത്യ വാതിൽ തുറന്നു. അപ്പോഴാണ് സൃഷ്ടിയെ ഡേറ്റാ കേബിൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൃഷ്ടിക്ക് നീതി കിട്ടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്ന് സൃഷ്ടിയുടെ അമ്മാവൻ വിവേക് തുലി പറഞ്ഞു.

സൃഷ്ടിയുടെ മരണത്തിൽ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ട്. സംഭവസമയത്ത് അവിടെ മറ്റൊരു വനിതാ പൈലറ്റുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. അവരാണ് ഫ്ലാറ്റ് തുറക്കാൻ താക്കോൽ നിർമിക്കുന്നയാളെ വിളിച്ചത്. ആദിത്യ വാതിൽ തുറന്ന് സൃഷ്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാൾ മരിച്ചുകിടക്കുന്ന ഫ്ലാറ്റിന്റെ വാതിൽ പൊലീസുകാരെ വിളിക്കാതെ ആരെങ്കിലും തുറക്കുമോയെന്നും വിവേക് ചോദിച്ചു. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് സൃഷ്ടിയെ ആദിത്യ സമ്മർദ്ദത്തിലാക്കിയിരുന്നു. അവരെ പരസ്യമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. നടുറോഡിൽ കാറിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്നും വിവേക് തുലി പറഞ്ഞു.

''സൃഷ്ടി ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ല. ഇത് ആസൂത്രിത കൊലപാതകമാണ്. അവൾ ശക്തയായിരുന്നു. അങ്ങനെയല്ലെങ്കിൽ അവൾ പൈലറ്റ് ആകുമായിരുന്നില്ല. ആദിത്യയെ ഞങ്ങൾക്കറിയാമായിരുന്നു. അവൾക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും അവന് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദിത്യക്ക് സൃഷ്ടിയോട് അസൂയയായിരുന്നു. സൃഷ്ടിയുടെ ഒരു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു. ദീപാവലിക്ക് ഏകദേശം 65,000 രൂപ അവന്റെ കുടുംബാംഗങ്ങൾക്ക് അവൾ കൈമാറിയിട്ടുണ്ട്. അവൻ അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ബോധ്യമായി. ബാങ്കിനോട് ഒരു വർഷത്തെ സ്റ്റേറ്റ്‌മെന്റ് ചോദിച്ചിട്ടുണ്ട്. പണം നൽകാൻ സൃഷ്ടി വിസമ്മതിച്ചതാകാം മരണത്തിനു കാരണം. മരിക്കുന്നതിന് 15 മിനിറ്റ് മുൻപ് സൃഷ്ടി അമ്മയോടും അമ്മായിയോടും സംസാരിച്ചിരുന്നു. സന്തോഷത്തിലായിരുന്നു. അവൾ നേരിട്ടിരുന്ന പീഡനങ്ങളൊന്നും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ചില കാര്യങ്ങൾ സഹോദരിയോട് സൂചിപ്പിച്ചിരുന്നു. സൃഷ്ടി എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചിരുന്നുവെന്ന് ഞങ്ങളോട് പറഞ്ഞത് അവളുടെ സുഹൃത്തുക്കളാണ്’’, വിവേക് തുലി കൂട്ടിച്ചേർത്തു.

ആദിത്യയുടെ പീഡനത്തിൽ സൃഷ്ടി മാനസികമായി തകർന്നിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദിത്യ മുംബൈയിലെ സൃഷ്ടിയുടെ താമസസ്ഥലത്ത് വരാറുണ്ടായിരുന്നു. ഞായറാഴ്ച ജോലി കഴിഞ്ഞെത്തിയ സൃഷ്ടിയും ആദിത്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ആദിത്യ ഡൽഹിയിലേക്ക് തിരിച്ചു. ആദിത്യയെ ഫോണിൽ വിളിച്ച സൃഷ്ടി താൻ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഉടനെ സൃഷ്ടിയുടെ ഫ്ലാറ്റിൽ എത്തിയ ആദിത്യ കണ്ടത് ചലനമറ്റുകിടക്കുന്ന സൃഷ്ടിയെയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും സൃഷ്ടി മരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ആദിത്യയെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. സൃഷ്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്.

Content Highlights: Dead Air India Pilot Srishti Tuli's Family Alleges it Planned Murder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us