റാഞ്ചി: ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം റാഞ്ചിയിലാകും ചടങ്ങ് എന്നാണ് റിപ്പോർട്ടുകൾ.
ഹേമന്ത് സോറൻ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് മന്ത്രിമാരുടെയോ മന്ത്രിസഭയുടെയോ വിവരങ്ങൾ ഇനിയും തീരുമാനമായിട്ടില്ല. നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടുമില്ല. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഭാര്യ കൽപ്പന സോറനും മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
ജെഎംഎം ആറ് മന്ത്രിസ്ഥാനവും, കോൺഗ്രസ് നാലും, ആർജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുക്കും എന്നാണ് അനൗദ്യോഗിക വിവരങ്ങൾ. സിപിഐ എംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കും. റാഞ്ചിയിലെ മോർഹബാദി മൈതാനത്താകും സത്യപ്രതിജ്ഞ ചടങ്ങ് എന്നാണ് വിവരം.ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഇൻഡ്യ സഖ്യകക്ഷിനേതാക്കളായ മമത ബാനർജി, ഭഗവന്ത് മാൻ തുടങ്ങിയവരും പങ്കെടുക്കും.
ജാർഖണ്ഡിൽ 34 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റുകളിലും ആർജെഡി നാല് സീറ്റുകളിലും വിജയിച്ചിരുന്നു. സിപിഐ എംഎൽ രണ്ട് സീറ്റുകളിലാണ് വിജയിച്ചത്.
Content Highlights: Hemanth soren to take oath as Jharkhand cm today