ന്യൂഡൽഹി: സ്വർണ്ണത്തിലും വെള്ളിയിലും എങ്ങനെ നിക്ഷേപം നടത്താമെന്നത് ഇന്ത്യൻ സ്ത്രീകളിൽ നിന്ന് പഠിക്കണമെന്ന് പ്രമുഖ ആഗോള നിക്ഷേപകനായ ജിം റോജേഴ്‌സ്. വിലയേറിയ ലോഹങ്ങളിൽ നിക്ഷേപം തുടരണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ സ്ത്രീകളേക്കാൾ നമ്മെ പഠിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നിക്ഷേപമായി സ്വർണ്ണവും വെള്ളിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും സ്വർണവും വെള്ളിയും സ്വന്തമായി വേണമെന്നതാണ് ഇന്ത്യയിൽ നിന്ന് താൻ പഠിച്ച ഒരു കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും ജിം റോജേഴ്‌സ് പറഞ്ഞു. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ (ഡബ്ല്യുജിസി) സമീപകാല റിപ്പോർട്ട് അനുസരിച്ച്, ആഭരണ ഉപഭോഗത്തിലുണ്ടായ വർധനയും സ്വർണത്തിലെ നിക്ഷേപവും കാരണം ഇന്ത്യയിലെ ഡിമാൻഡ് 18 ശതമാനം ഉയർന്നിട്ടുണ്ട്. വിവാഹങ്ങളും ഉത്സവ സീസണും കാരണം സെപ്റ്റംബറിൽ സ്വർണ്ണാഭരണങ്ങളോടുള്ള ഇന്ത്യയുടെ ആവശ്യം 10 ശതമാനം ഉയർന്ന് 171.6 ടണ്ണായി.
ഒരു ആഗോള നിക്ഷേപകൻ എന്ന നിലയിൽ നോക്കുമ്പോൾ നിലവിൽ ശ്രദ്ധ കൊടുക്കേണ്ട ഒരു ആകർഷകമായ വിപണിയാണ് ഇന്ത്യയെന്ന് ജിം റോജേഴ്‌സ് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ വിപണികൾ സ്വർണത്തെയും വെള്ളിയെയും കുറിച്ച് തന്നെ വളരെയധികം പഠിപ്പിച്ചുവെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ‘‘ഞാൻ ഇന്ത്യൻ വിപണികളിൽ പോയിരുന്നു. അവിശ്വസനീയമായ അളവിലാണ് ഇന്ത്യയിലെ സ്ത്രീകളും അമ്മമാരും തങ്ങളുടെ കൈയ്യിൽ സ്വർണവും വെള്ളിയും സൂക്ഷിച്ചിരിക്കുന്നത്,’’ എൻഡിടിവി പ്രോഫിറ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Content Highlights: Jim Rogers says Learn from Indian women how to invest in gold and silver