സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറയും വീണ്ടും ഒന്നിക്കാനുള്ള സാധ്യത തള്ളാതെ സൈറയുടെ അഭിഭാഷക വന്ദനാ ഷാ. എ ആര്‍ റഹ്‌മാനും സൈറയും തമ്മില്‍ ഇനിയും അനുരഞ്ജനം സാധ്യമാണെന്ന് വന്ദനാ ഷാ പറഞ്ഞു. താന്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. അവരുടേത് നീണ്ടകാലത്തെ ദാമ്പത്യമായിരുന്നു. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. എന്നാല്‍ അനുരഞ്ജനം സാധ്യമാണെന്നും അവര്‍ പറഞ്ഞു. വിക്കി ലാല്‍വാനിയുമായുള്ള അഭിമുഖത്തിലായിരുന്നു വന്ദനാ ഷാ ഇക്കാര്യം പറഞ്ഞത്.
റഹ്‌മാന്‍ വിശ്വാസവഞ്ചന കാണിച്ചതു കൊണ്ടാണ് വിവാഹമോചനം എന്ന പ്രചാരണം അസംബന്ധമാണെന്നും വന്ദനാ ഷാ ചൂണ്ടിക്കാട്ടി. സൈറ പണത്തോട് ആര്‍ത്തിയുള്ള വ്യക്തിയുമല്ല. കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. കുട്ടികളില്‍ ചിലര്‍ മുതിര്‍ന്നവരാണ്. ആരുടെയൊപ്പം നില്‍ക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും വന്ദനാ ഷാ വ്യക്തമാക്കി.
1995ലായിരുന്നു റഹ്‌മാനും സൈറ ബാനുവും തമ്മിലുള്ള വിവാഹം. ദാമ്പത്യം 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അത് സാധിച്ചില്ലെന്നും വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് റഹ്‌മാന്‍ പറഞ്ഞിരുന്നു. എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകര്‍ച്ചയിലും തങ്ങള്‍ അര്‍ത്ഥം തേടുകയാണ്. തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ലെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു.
Content Highlights- a r rahman saira's reconciliation possible says lawyer vandana shah