രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെകുറിച്ച് എല്ലാ പാര്‍ട്ടിക്കാരും പരസ്പരം വിമര്‍ശിക്കാറുണ്ട്. തങ്ങളുടെ രക്ഷിതാക്കള്‍ മത്സരിച്ച വിജയിച്ച അതേ മണ്ഡലത്തില്‍ നിന്നും വരുന്ന മക്കള്‍, സഹോദരങ്ങള്‍, കുടുംബത്തിലെ അടുത്ത തലമുറയിലെ മറ്റേതെങ്കിലും വ്യക്തികള്‍ തുടങ്ങി കുടുംബത്തിന്റെ പാരമ്പര്യ സ്വത്തായി കൈമാറി വരുന്ന മണ്ഡലങ്ങള്‍ രാജ്യത്തുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും രാഷ്ട്രീയത്തിലും കരുത്തരായ കുടുംബാംഗങ്ങളെ പരിചയപ്പെടാം.
പ്രിയങ്ക ഗാന്ധി-രാഹുല്‍ ഗാന്ധി-സോണിയ ഗാന്ധി
അമ്മയും മക്കളും ഇന്ത്യന്‍ പാര്‍ലമെന്റില്‍ എംപിമാരായി പ്രവര്‍ത്തിക്കുന്ന കൗതുകകരമായ കാഴ്ച ഗാന്ധി കുടുംബത്തില്‍ കാണാം. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പ്രിയങ്ക ഗാന്ധി ആദ്യമായി കഴിഞ്ഞ ദിവസം പാര്‍ലമെന്റ് രാഷ്ട്രീയം ആരംഭിച്ചു. 1999 മുതല്‍ എംപിയായ സോണിയ ഗാന്ധി നിലവില്‍ രാജ്യസഭാംഗമാണ്. 2004 മുതല്‍ ലോക്‌സഭയില്‍ പ്രവര്‍ത്തിക്കുന്ന രാഹുല്‍ നിലവില്‍ രാജ്യത്തിന്റെ ലോക്‌സഭാ പ്രതിപക്ഷ നേതാവാണ്.
അഖിലേഷ് യാദവ്-ഡിമ്പിള്‍ യാദവ്
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പങ്കാളി ഡിമ്പിള്‍ യാദവും ലോക്‌സഭയിലെ പ്രതിപക്ഷ നിരയിലെ ഉറച്ച ശബ്ദങ്ങളാണ്. അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിങ് യാദവ് രാജ്യത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു. ഏഴ് തവണയാണ് മുലായം സിങ് എംപിയായി പ്രവര്‍ത്തിച്ചത്.
ലാലു പ്രസാദ് യാദവും കുടുംബവും
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ലോക്‌സഭാ, രാജ്യസഭാ എംപിയായി പല തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പങ്കാളി റബ്രി ദേവിയും മക്കള്‍ തേജസ്വി യാദവും തേജ് പ്രദാപ് യാദവും ബിഹാറിലെ എംഎല്‍എമാരാണ്.
ശരദ് പവാര്‍-സുപ്രിയ സുലേ
എന്‍സിപി സ്ഥാപകനും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശരദ് പവാര്‍ 2014 മുതല്‍ രാജ്യസഭാംഗമാണ്. അദ്ദേഹത്തിന്റെ മകള്‍ സുപ്രിയ സുലേ നിലവില്‍ ബരാമതിയില്‍ നിന്നുള്ള എംപിയാണ്.
ഫറൂഖ് അബ്ദുള്ള-ഒമര്‍ അബ്ദുള്ള
ജമ്മു കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഫറൂഖ് അബ്ദുള്ള നാല് തവണ എംപിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മകന്‍ ഒമര്‍ അബ്ദുള്ള ലോക്‌സഭാ എംപിയായി 1998 മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചുണ്ട്.
ദിഗ് വിജയ് സിങ്-ലക്ഷ്മണ്‍ സിങ്
ലോക്‌സഭയിലും രാജ്യസഭയിലും ഒരുപോലെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവാണ് ദിഗ് വിജയ് സിങ്. അദ്ദേഹത്തിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങും ലോക്‌സഭയിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പപ്പു യാദവ്- രണ്‍ജീത് രഞ്ജന്‍
ബിഹാറില്‍ നിന്നുള്ള എംപിയാണ് പപ്പു യാദവ്. പപ്പു യാദവിന്റെ പങ്കാളി രണ്‍ജീത് രഞ്ജന്‍ ഛത്തീസ്ഗഡിനെ പ്രതിനിധീകരിക്കുന്ന രാജ്യസഭാംഗമാണ്.
Content Highlights: Family members in Indian Parliament