ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഒരു അതിജീവിത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഒപ്പം പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ കുറ്റകൃത്യം സംബന്ധിച്ച വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നാണ് എസ്ഐടിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ പ്രധാന വാദം. ഹൈക്കോടതിയുടെ ഉത്തരവില്‍ പിഴവുണ്ടെന്ന സജിമോന്‍ പാറയിലിന്റെ വാദം തെറ്റാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇരകള്‍ക്ക് വേണ്ടി ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കമ്മിറ്റിയുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകളേക്കാള്‍ പ്രധാനമാണ് കമ്മിറ്റിക്ക് മുന്നില്‍ ലഭിച്ച മൊഴി. ഗുരുതര കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രഥമദൃഷ്ട്യാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴികളുണ്ട്. നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
നിയമ നടപടികളെ വഴിതിരിച്ചുവിടാനാണ് സജിമോന്‍ പാറയിലിന്റെ ശ്രമമെന്നാണ് സംസ്ഥാന വനിതാ കമ്മിഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് സജിമോന്‍ പാറയില്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതിനകം കേസെടുത്തിട്ടുണ്ട്. അതിനാല്‍ ഹര്‍ജിക്കാരന്റെ ആവശ്യം കാലഹരണപ്പെട്ടു. സജിമോന്‍ പാറയിലിന്റെ കൈകള്‍ ശുദ്ധമല്ലെന്നും. ഹര്‍ജിയിലെ ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ല. അന്വേഷണത്തെ അട്ടിമറിക്കാനാണ് സജിമോന്‍ പാറയിലിന്റെ ശ്രമമെന്നുമാണ് സംസ്ഥാന വനിതാ കമ്മിഷന്റെ മറുവാദം.
Content Highlight :Hema Committee Report: The Supreme Court will consider the petitions today