'ദേശീയ നേതാക്കളെ ആശ്രയിച്ച് എത്ര കാലം?'; പ്രാദേശിക വിഷയങ്ങളിലേക്ക് മടങ്ങാനാവശ്യപ്പെട്ട് ഖര്‍ഗെ

'അച്ചടക്കം പാലിക്കുക എന്നത് വളരെ നിര്‍ബന്ധമാണ്. എല്ലാ സാഹചര്യങ്ങളിലും നമ്മള്‍ ഒന്നിച്ചുനില്‍ക്കണം.'

dot image

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മഹാരാഷ്ട്രയിലും ഹരിയാനയിലും സംഭവിച്ച പരാജയത്തില്‍ ഊന്നിയായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം. എത്ര കാലം ദേശീയ നേതാക്കളെയും ദേശീയ പ്രശ്‌നങ്ങളെയും ആശ്രയിച്ച് നിലനില്‍ക്കാനാവുമെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോട് ചോദിച്ച ഖര്‍ഗെ പ്രാദേശിക വിഷയങ്ങളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങി വന്നു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. നാല് സംസ്ഥാനങ്ങളില്‍ രണ്ടില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തി. എന്നാല്‍ കോണ്‍ഗ്രസ് പ്രകടനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. ഇത് ഭാവിയില്‍ വെല്ലുവിളിയാവുമെന്ന് ഖര്‍ഗെ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉടനടി പഠിക്കണം. നമ്മുടെ പരിമിതികളും കുറവുകളും സംഘടനാതലത്തില്‍ പരിഹരിക്കണം. ഈ ഫലങ്ങള്‍ നമുക്കുള്ള സന്ദേശമാണ്. ഐക്യമില്ലായ്മയും പരസ്പര ആരോപണങ്ങളും നമുക്ക് ഒരുപാട് അപകടമേല്‍പ്പിക്കുന്നു. പരസ്പര ആരോപണങ്ങള്‍ നിര്‍ത്താതെ, ഐക്യമില്ലാതെ എങ്ങനെ എതിരാളികളെ നമുക്ക് പരാജയപ്പെടുത്താന്‍ കഴിയും?

അച്ചടക്കം പാലിക്കുക എന്നത് വളരെ നിര്‍ബന്ധമാണ്. എല്ലാ സാഹചര്യങ്ങളിലും നമ്മള്‍ ഒന്നിച്ചുനില്‍ക്കണം.


അച്ചടക്കത്തിന്റെ ആയുധവും പാര്‍ട്ടിക്കുണ്ട്. എന്നാല്‍ സഹപ്രവര്‍ത്തകരെ ഒരു ബന്ധനത്തിലും ആക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയം നമ്മുടെ വിജയമാണെന്നും തോല്‍വി നമ്മുടെ തോല്‍വിയാണെന്നും എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ശക്തിയിലാണ് നമ്മളുടെ ശക്തി.

തെരഞ്ഞെടുപ്പില്‍ അന്തരീക്ഷം നമുക്ക് അനുകൂലമായിരുന്നു. പക്ഷേ, അന്തരീക്ഷം നമുക്ക് അനുകൂലമായത് വിജയത്തിന് ഒരു ഉറപ്പല്ല. അന്തരീക്ഷത്തെ ഫലങ്ങളാക്കി മാറ്റാന്‍ നാം പഠിക്കേണ്ടതുണ്ട്. അന്തരീക്ഷം നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണം എന്താണ്?

അതുകൊണ്ടാണ് നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ടത്. സമയബന്ധിതമായി ഒരു തന്ത്രം ഉണ്ടാക്കേണ്ടുന്നതും. ബൂത്ത് തലം വരെ നമ്മുടെ സംഘടനയെ ശക്തിപ്പെടുത്തണം. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് മുതല്‍ വോട്ടെണ്ണല്‍ വരെ രാവും പകലും ജാഗ്രതയും പുലര്‍ത്തണം.

തുടക്കം മുതല്‍ വോട്ടെണ്ണല്‍ വരെ നമ്മുടെ തയ്യാറെടുപ്പുകള്‍ നമ്മുടെ പ്രവര്‍ത്തകരും സംവിധാനങ്ങളും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന തരത്തിലായിരിക്കണം.

പല സംസ്ഥാനങ്ങളിലും നമ്മുടെ സംവിധാനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. നമ്മുടെ ഏറ്റവും വലിയ ആവശ്യം സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ്.

തിരഞ്ഞെടുപ്പില്‍ നമ്മള്‍ തോറ്റിരിക്കാം, പക്ഷേ തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തിക അസമത്വവും ഈ രാജ്യത്തിന്റെ കത്തുന്ന പ്രശ്നങ്ങളാണെന്നതില്‍ സംശയമില്ല. ജാതി സെന്‍സസും ഇന്ന് ഒരു പ്രധാന വിഷയമാണ്. ഭരണഘടന, സാമൂഹ്യനീതി, സൗഹാര്‍ദ്ദം തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങളാണ്.

എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന പ്രാദേശിക പ്രശ്‌നങ്ങള്‍ നമ്മള്‍ മറക്കണം എന്നല്ല ഇതിനര്‍ത്ഥം. സംസ്ഥാനങ്ങളുടെ വിവിധ വിഷയങ്ങള്‍ വിശദമായി മനസ്സിലാക്കുകയും അവയെ ചുറ്റിപ്പറ്റിയുള്ള ശക്തമായ പ്രചാരണ തന്ത്രം തയ്യാറാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ദേശീയ പ്രശ്നങ്ങളുടെയും ദേശീയ നേതാക്കളുടെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ എത്ര കാലം സംസ്ഥാന തിരഞ്ഞെടുപ്പില്‍ പോരാടും?

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പെങ്കിലും ഒരുങ്ങണം എന്നാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളും സൂചിപ്പിക്കുന്നത്. നമ്മുടെ സംഘങ്ങള്‍ വളരെ നേരത്തെ തന്നെ താഴെതട്ടില്‍ ഉണ്ടായിരിക്കണം. എല്ലാ സാഹചര്യങ്ങളിലും നമുക്ക് അനുകൂലമായവരുടെ വോട്ടുകള്‍ ലിസ്റ്റില്‍ നിലനില്‍ക്കത്തക്ക വിധത്തില്‍ വോട്ടര്‍പട്ടിക പരിശോധിക്കലാണ് ആദ്യം ചെയ്യേണ്ടത്. പഴയ പാതയിലൂടെ എല്ലാ സമയത്തും വിജയം നേടാനാവില്ല.

നിങ്ങളുടെ രാഷ്ട്രീയ എതിരാളി ദൈനംദിന അടിസ്ഥാനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. സമയോചിതമായ തീരുമാനങ്ങള്‍ എടുക്കണം. ഉത്തരവാദിത്തം ഉറപ്പിക്കേണ്ടതുണ്ട്.

ചിലപ്പോള്‍ നമ്മള്‍ നമ്മുടെ ഏറ്റവും വലിയ ശത്രുവായി മാറും. നമ്മളെക്കുറിച്ച് തന്നെ നിഷേധാത്മകമായും അശുഭാപ്തിവിശ്വാസത്തോടെയും സംസാരിക്കുകയും നമുക്ക് ഒരു ആശയം ഇല്ലെന്ന് പറയുകയും ചെയ്യും, അപ്പോള്‍ ഞാന്‍ ചോദിക്കുന്നു ആശയം സൃഷ്ടിച്ച് അത് പൊതുജനങ്ങളില്‍ എത്തിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്ന്?

ഇത് നമ്മളുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ദേശീയ തലത്തില്‍ നമ്മള്‍ രൂപപ്പെടുത്തിയ ധാരണ ഇപ്പോഴും ബാധകമാണ്. 18. വോട്ടിംഗ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംശയാസ്പദമാക്കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്, അതിനാല്‍ അതിനെക്കുറിച്ച് എത്രമാത്രം പറയുന്നില്ല അത്രയും നല്ലത്. എന്നാല്‍ രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം എത്രത്തോളം നിറവേറ്റപ്പെടുന്നു എന്ന ചോദ്യങ്ങളാണ് വീണ്ടും വീണ്ടും ഉയരുന്നത്.

വെറും ആറ് മാസം മുമ്പ് ലോക്സഭയില്‍ എംവിഎയ്ക്ക് അനുകൂലമായി വന്ന ഫലം, നിയമസഭയുടെ ഫലം രാഷ്ട്രീയ പണ്ഡിതന്മാര്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്തതാണ്. ഒരു ഗണിതശാസ്ത്രത്തിനും അതിനെ ന്യായീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഫലങ്ങളാണ് വന്നിരിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.

Content Highlights: 'How long depends on national leaders?'; Kharge asked to return to local issues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us