ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും ബഹളം. അദാനി വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോൺഗ്രസിൻ്റെ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചർച്ച സാധ്യമാക്കാതെ പാർലമെൻ്റിൻ്റെ പ്രവർത്തനം സുഗമമാകില്ലെന്നും പ്രതിഷേക്കാർ മുദ്രാവാക്യം മുഴക്കി.
എന്നാൽ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക്സഭയിൽ ചോദ്യോത്തര വേള തുടർന്നു. പിന്നീട് ലോക്സഭാ നടപടികൾ തടസ്സപ്പെട്ടതോടെ സമ്മേളനം 12 മണി നിർത്തി വെയ്ക്കുകയായിരുന്നു.
രാജ്യസഭയിലും ആദാനി അനുവദിച്ച അടിയന്തരപ്രമേയത്തിന് അവതരാണുനുമതി നിഷേധിക്കപ്പെട്ടു. ഇതോടെയാണ് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്. ഇതേ തുടർന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സഭാ നടപടികൾ തടസ്സപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാ ചെയർമാൻ രംഗത്തെത്തി. റൂൾ 267 പ്രതിപക്ഷം ദുരുപയോഗിക്കുന്നതായാണ് രാജ്യസഭാ ചെയർമാൻ്റെ ആരോപണം. ചോദ്യോത്തര വേളയടക്കം തടസ്സപ്പെടുത്താൻ റൂൾ 267 ദുരുപയോഗിക്കുന്നുവെന്നും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലും അദാനി വിഷയത്തിൽ ഉണ്ടായ പ്രതിഷേധം പാർലമെന്റ് നടപടികളെ പൂർണമായും തടസ്സപ്പെടുത്തിയിരുന്നു.
അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ പാർലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിർമ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് ലോക്സഭയിൽ ദേശീയ ദുരന്തനിവാരണ ബിൽ ഭേദഗതി ചർച്ചയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജി സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ വാഗ്ദാനം ചെയ്യുകയും ഇതേ കുറിച്ച് തെറ്റിദ്ധരിപിച്ച് യു എസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ചുവെന്നാണ് കേസ്. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് അദാനിക്കെതിരെയുള്ള കേസ്. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് അദാനി ഗ്രൂപ്പിനെതിരെ നടപടി എടുത്തത്. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ വ്യക്തമാക്കിയത്.
യു എസ് നിയമനടപടി ആരംഭിച്ചതോടെ ശ്രീലങ്ക, കെനിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിയുമായുള്ള കരാറിൽ നിന്ന് പിന്മാറിയിരുന്നു. നേരത്തെ ഗൗതം അദാനിക്കും മറ്റ് രണ്ട് പേർക്കുമെതിരെ കൈക്കൂലിക്കേസിൽ അമേരിക്ക കുറ്റപത്രം ചുമത്തിയതോടെ യുഎസിലെ നിക്ഷേപപദ്ധതികളിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറാൻ തീരുമാനിച്ചിരുന്നു. 600 മില്യൺ ഡോളറിന്റെ ബോണ്ട് സമാഹരണമാണ് അദാനി ഗ്രൂപ്പ് തത്കാലത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയ്ൻ എന്നിവർക്കെതിരെയെടുത്ത കേസിന്റെ പശ്ചാത്തലത്തിൽ എല്ലാം നിർത്തിവെക്കുകയാണെന്ന് ഗ്രൂപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.
Content Highlights: Protests will continue today in Parliament on the Adani issue