ഡല്‍ഹി: സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതടക്കം സിവില്‍ കോടതിയുടെ തുടര്‍ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി. പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സംഭാലില്‍ സമാധാനവും സാഹോദര്യവും പുലരണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജനുവരി എട്ട് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഹര്‍ജിയില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അഭിഭാഷക കമ്മീഷണറുടെ സര്‍വേ റിപ്പോര്‍ട്ട് തുറക്കുന്നതിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി. റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ തന്നെ സൂക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അപ്പീലുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും മസ്ജിദ് കമ്മിറ്റിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭാല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിരോധിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ക്കുള്ള പ്രവേശനത്തിനും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സിവില്‍ കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത് വിഷ്ണു ശങ്കറും ഹരിശങ്കറുമായിരുന്നു. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
Content Highlights- sc asks sambhal court to defer hearing on shahi jama masjid survey case