ന്യൂഡല്‍ഹി: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 140 കോടി ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫോസക്‌സ്‌വാഗണ്‍ ഇന്ത്യ അധികൃതര്‍ക്ക് മഹാരാഷ്ട്രയിലെ കസ്റ്റംസ് കമ്മീഷണര്‍ നോട്ടീസ് നല്‍കി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ വാഹന ബ്രാന്‍ഡുകളായ ഫോക്‌സ്‌വാഗണ്‍, ഔഡി, സ്‌കോഡ എന്നിവയ്ക്ക് വേണ്ടി വാഹനഭാഗങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലേക്ക് കാര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 30 മുതല്‍ 35 ശതമാനം വരെയാണ് നികുതി അടയ്‌ക്കേണ്ടത്. വാഹനങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ നികുതിയടയ്ക്കണം. ഫോക്‌സ്‌വാഗണ്‍ കൂട്ടിയോജിപ്പിക്കാത്ത രീതിയില്‍ കാറിന്റെ മുഴുവന്‍ ഭാഗങ്ങളും ഇറക്കുമതി ചെയ്ത് കുറഞ്ഞ നികുതി അടച്ചു എന്നാണ് നോട്ടീസില്‍ പറയുന്നത്.
സ്‌കോഡ സൂപ്പേര്‍ബ്, കോഡിയാക്, ഔഡി എ4, ക്യു5, ഫോക്‌സ്‌വാഗണിന്റെ ടൈഗൂണ്‍ എന്നീ മോഡലുകള്‍ കൂട്ടിയോജിപ്പിക്കാത്ത ഭാഗങ്ങളായി ഇത്തരത്തില്‍ മുഴുവനായി ഇറക്കുമതി ചെയ്ത് കുറഞ്ഞ നികുതിയടച്ചു. ഇത് പിടിക്കപ്പെടാതിരിക്കാന്‍ പല തവണകളിലായാണ് ഇറക്കുമതി ചെയ്തത്. നികുതി വെട്ടിക്കാനുള്ള മനഃപൂര്‍വമായ നടപടിയാണിതെന്നും മഹാരാഷ്ട്രയിലെ കസ്റ്റംസ് കമ്മീഷണര്‍ ഫോക്‌സ്‌വാഗണ് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. അതേസമയം, നോട്ടീസ് പരിശോധിച്ചുവരികയാണെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights- Volkswagen India unit faces 140cr dollar tax evasion notice