പാട്‌ന: ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗം പപ്പു യാദവിന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി അധോലോക സംഘാംഗമെന്ന് അവകാശപ്പെട്ടയാളാണ് വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശമയച്ചത്. പാകിസ്താനിലെ '92' കോഡിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നായിരുന്നു ഭീഷണി സന്ദേശമെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വധിക്കുമെന്നും അതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നുമാണ് ഭീഷണി.
ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്‌ഫോടന വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ബിഷ്‌ണോയി സംഘത്തില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നു നവംബര്‍ 25ന് പപ്പു യാദവിന് സുഹൃത്ത് ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍ സമ്മാനിച്ചിരുന്നു. ബിഹാറിലെ പൂര്‍ണിയയില്‍ നിന്നുള്ള ലോകസഭാംഗമായ രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ്, ഇത്തവണ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്.
തന്നെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു ഭീഷണി സന്ദേശത്തോട് പപ്പു യാദവ് പ്രതികരിച്ചത്. സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മരിക്കാന്‍ താന്‍ തയ്യാറാണ്. തനിക്കെതിരേ വരുന്ന തുടര്‍ച്ചയായ വധഭീഷണികള്‍ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ, ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഇല്ലായ്മ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് പപ്പു പ്രഖ്യാപിച്ചിരുന്നു.
Content Highlights- Bihar mp pappu yadav receives another death threat from lawrence bishnoi gang