മുംബൈ: മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്കിടെ ഏക്നാഥ് ഷിൻഡെ പൊടുന്നനെ സത്താരയിലെ തന്റെ വീട്ടിലേക്ക് പോയത് അനാരോഗ്യം മൂലമെന്ന് ഷിൻഡെ വിഭാഗം നേതാവ് ഉദയ് സമന്ത്. മുഖ്യമന്ത്രി പദവിയിൽ ചർച്ചകൾ ഇന്ന് തുടരുമെന്നും ഏക്നാഥ് ഷിൻഡെ നേരിട്ട് തന്നെ പങ്കെടുക്കുമെന്നും ഉദയ് സമന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേരാനിരുന്ന മന്ത്രിസഭാ രൂപീകരണ യോഗമാണ് ഏക്നാഥ് ഷിൻഡെ പൊടുന്നനെ തന്റെ ഗ്രാമത്തിലേക്ക് പോയതോടെ റദ്ദാക്കിയത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അന്തിമരൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി മുംബൈയില്‍ എത്തിയ നേതാക്കള്‍ മറ്റ് ചര്‍ച്ചകള്‍ സംസ്ഥാനത്ത് തന്നെ നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഷിൻഡെയുടെ നീക്കം മറ്റ് മഹായുതി സഖ്യനേതാക്കളെ ഞെട്ടിച്ചിരുന്നു.രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുല ഇത്തവണയും തുടരാനായിരുന്നു ഡല്‍ഹിയിലുണ്ടായ ധാരണ. ആഭ്യന്തര വകുപ്പ് ബിജെപിക്കും അജിത് പവാറിന്റെ എന്‍സിപിക്ക് ധനകാര്യം നിലനിര്‍ത്താനും ധാരണയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാവാനില്ലെന്ന നിലപാടാണ് നേരത്തെ ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.
Content Highlights: Eknath shinde not well, clarifies shinde faction leader