തിരുപ്പതി: തിരുമല ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ, വിദ്വേഷ പ്രസംഗങ്ങൾ നിരോധിച്ചു. ടിടിഡി ബോർഡ്(തിരുമല തിരുപ്പതി ദേവസ്വം) യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിയമം ലംഘിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ടിടിഡി വ്യക്തമാക്കി. ചില വ്യക്തികളും രാഷ്ട്രീയ നേതാക്കളും തിരുമല ക്ഷേത്രത്തിന് മുന്നിൽനിന്ന് രാഷ്ട്രീയ-വിദ്വേഷ പ്രസ്താവനകൾ നടത്തി.
ഇത് ക്ഷേത്രത്തിന്റെ ആത്മീയ അന്തരീക്ഷം താറുമാറാക്കിയെന്ന് ടിടിഡി പറയുന്നു. ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിരുമല ക്ഷേത്രത്തിൻ്റെയും പരിസരത്തിൻ്റെയും പവിത്രതയും ആത്മീയയും സംരക്ഷിക്കാൻ ഈ നടപടി അനിവാര്യമാണെന്ന് ടിടിഡി വ്യക്തമാക്കി. തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്നും ടിടിഡി അഭ്യർത്ഥിച്ചു.
തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്ക്ക് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്‌ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചിരുന്നു.
Content Highlights: TTD Imposes Ban on Political Speeches at Tirumala