ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഉത്തരകാശിയിലെ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മഹാപഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് അനുമതി നല്‍കിയ മഹാപഞ്ചായത്തില്‍ തെലങ്കാനയിലെ ബിജെപി നേതാവ് ടി രാജ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. നിയമവിരുദ്ധ പള്ളികളേയും കുടിയേറ്റക്കാരെയും പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും അതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പാത പിന്തുടരുന്നതാണ് ഉചിതമെന്നുമാണ് ടി രാജയുടെ പരാമര്‍ശം. ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമിയോടായിരുന്നു ടി രാജയുടെ ഉപദേശം. താനെത്തിയത് ഹിന്ദു വിഭാഗത്തിന്റെ ഐക്യത്തെ ഊട്ടിയുറപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാംലീല മൈതാനത്താണ് മഹാപഞ്ചായത്ത്. വിശ്വഹിന്ദു പരിഷത്ത്, സംയുക്ത സനാതന്‍ ധര്‍മ്മ രക്ഷാ സംഘ് തുടങ്ങിയ സംഘടനകളാണ് മഹാപഞ്ചായത്തിന് നേതൃത്വം നല്‍കിയത്.
1969ലാണ് ഉത്തരകാശിയില്‍ പള്ളി നിര്‍മിക്കുന്നത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു സമുദായത്തിലെ ആള്‍ മറ്റൊരു സമുദായത്തിലെ ഏഴുപേര്‍ക്ക് വിറ്റതാണ്. 2005ല്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഭൂരേഖകള്‍ പുതുക്കി. ഇത് നിയമപരമായ തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. 2023 സെപ്റ്റംബറില്‍ വിവാദം കനത്തു. പള്ളി നിലനില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. അതേസമയം, പള്ളി വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്നതാണെന്നും ഇതിന്റെ ഗസറ്റ് വിജ്ഞാപനമുണ്ടെന്നും പള്ളി കമ്മിറ്റി വ്യക്തമാക്കുന്നു.
Content Highlight: Be like UP Chief minister says T Raja to Uttarakhand CM in mosque controversy